ഭോപ്പാല്‍ :മധ്യപ്രദേശില്‍ പശുക്കളുടെ സംരക്ഷണവും പരിപാലനവും ഉറപ്പുവരുത്താന്‍ പശു മന്ത്രിസഭ രൂപീകരിച്ചതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍. മിനി മന്ത്രിസഭ രൂപവത്കരിക്കുന്നതിന് ആവശ്യമായ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു.
ആഭ്യന്തരം, മൃഗസംരക്ഷണം, വനം, പഞ്ചായത്ത്, ഗ്രാമ വികസനം, കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രിമാര്‍ ഉള്‍പ്പെടുന്നതായിരിക്കും പശു മന്ത്രിസഭ എന്ന് ചൗഹാന്‍ ട്വീറ്റ് ചെയ്തു. മന്ത്രിസഭയുടെ ആദ്യ യോഗം ഗോപാഷ്ടമി നാളായ നവംബര്‍ 22ന് അഗര്‍മാല്‍വയിലെ ഗോശാലയില്‍ ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
രാജ്യത്താദ്യമായാണ് ഇത്തരത്തില്‍ ഒരു മിനി മന്ത്രിസഭ രൂപീകരിക്കുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെ.എന്‍ കന്‍സോടിയ പറഞ്ഞു. മറ്റെവിടെയെങ്കിലും ഇത്തരത്തില്‍ പശു മന്ത്രിസഭ ഉണ്ടോ എന്നറിയില്ല. തന്റെ അറിവില്‍ രാജ്യത്ത് ആദ്യമായാണ് പശു മന്ത്രിസഭ നിലവില്‍ വരുന്നത്-കന്‍സോടിയ വ്യക്തമാക്കി.