കോഴിക്കോട്: കാലി വില്‍പന നിരോധനത്തിലൂടെ കേന്ദ്രം കാണുന്നത് രാഷ്ട്രീയ ലാഭം മാത്രമാണെന്നും രാജ്യത്തിന്റെ സമ്പദ് ഘടനയെ തകര്‍ത്തുകൊണ്ടുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രാജ്യത്തിന്റെ സാമ്പത്തിക കെട്ടുറപ്പിനെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണിത്. ഒന്നിന് പിറകെ ഒന്നായി രാജ്യത്തെ പിന്നോട്ടടിക്കുന്ന നയങ്ങളാണ് കേന്ദ്രം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ യഥാര്‍ത്ഥ തിരിച്ചടി രാജ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. കരകയറാന്‍ പറ്റാത്ത വിധം സാമ്പത്തി രംഗം തകരുകയാണ്. കാലി വില്‍പന നിരോധനത്തിലൂടെ വന്‍ തിരിച്ചടിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചില കേന്ദ്രങ്ങളില്‍ നിന്നും തീരുമാനിച്ച് ഒരു ചര്‍ച്ച പോലുമില്ലാതെ എടുക്കുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനങ്ങളായി മാറുന്ന സാഹചര്യമാണ് ഇന്ന് രാജ്യത്തുള്ളത്. കാലി വില്‍പന നിരോധനവും നോട്ട് പിന്‍വലിക്കലുമുള്‍പ്പടെ ചിലരുടെ മാത്രം ബുദ്ധിയാണ്. പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ് കാലിവില്‍പനയും കൃഷിയും മൃഗങ്ങളെ വളര്‍ത്തുന്നതും. ഓരോ സാഹചര്യത്തിലാണ് മൃഗ പരിപാലനം നടക്കുന്നത്. മാംസാഹാരത്തിലൂടെ പോഷകാഹാരം പ്രതീക്ഷിക്കുന്നവരാണ് രാജ്യത്തെ സാധാരണക്കാര്‍. പാവപ്പെട്ടവന്റെ സംരക്ഷണം ഇല്ലാതാക്കാനും കാലി വില്‍പന നിരോധനം വഴി വക്കുമെന്നും അദ്ദേഹം പറഞ്ഞു.