ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള കൂട്ടണമെന്ന് കേന്ദ്ര സര്‍ക്കാറിന് വിദഗ്ധ സമിതി നിര്‍ദേശം. രണ്ടാം ഡോസ് വാക്‌സിന്‍ 12 മുതല്‍ 16 ആഴ്ചയില്‍ എടുത്താല്‍ മതി എന്നാണ് സമിതിയുടെ ശുപാര്‍ശ. നിലവില്‍ ആറു മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളിലാണ് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കുന്നത്.
കോവിഡ് മുക്തരായവര്‍ ആറുമാസത്തിനുശേഷം വാക്‌സിന്‍ എടുത്താല്‍ മതി എന്നും സമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്ലാസ്മ ചികിത്സയ്ക്ക് വിധേയരായവര്‍ ചികിത്സ പൂര്‍ത്തിയായി 12 ആഴ്ചകള്‍ക്ക് ശേഷം വാക്‌സിനെടുക്കാം. ഗുരുതര രോഗം ഉള്ളവര്‍ക്ക് രോഗമുക്തി നേടി 8 ആഴ്ചയ്ക്ക് ശേഷം വാക്‌സിന്‍ സ്വീകരിച്ചാല്‍ മതിയാകും.ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സിനെടുക്കാന്‍ മറ്റു നിയന്ത്രണങ്ങളില്ല.
ഡോക്ടര്‍ വി കെ പോള്‍ അധ്യക്ഷനായ നാഷണല്‍ എക്‌സ്‌പെര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷനാണ് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയത്.