തിരുവനന്തപുരം : സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് കുത്തിവയ്പ്പിനായി മുതിര്‍ന്ന പൗരന്മാരുടെ തിരക്ക്. കോവിന്‍ പോര്‍ട്ടലിലെ സാങ്കേതിക തടസവും കുത്തിവയ്പ്പ് കേന്ദ്രങ്ങളില്‍ പലതും പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങാത്തതുമാണ് കാരണം. സ്‌പോട്ട് റജിസ്‌ട്രേഷന്‍ നടത്തി കുത്തിവയ്‌പ്പെടുക്കാന്‍ രാവിലെ മുതല്‍ രോഗികള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പൗരന്മാര്‍ ആശുപത്രികളില്‍ കാത്തുനില്‍ക്കുകയാണ്.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതും തിരക്ക് കൂടാന്‍ കാരണമായി. വാക്‌സീനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടുന്ന കാര്യത്തിലും നടപടിയില്ല. സംസ്ഥാനത്തെ അറുപതു ശതമാനം ആശുപത്രികളും സ്വകാര്യമേഖലയിലാണ്. എങ്കിലും നൂറില്‍താഴെ സ്വകാര്യ ആശുപത്രികളില്‍ മാത്രമാണ് വാക്‌സീന്‍ കേന്ദ്രങ്ങള്‍ തുറന്നിട്ടുള്ളൂ. ചില ജില്ലകളില്‍ വിരലിലെണ്ണാവുന്ന കേന്ദ്രങ്ങള്‍ മാത്രമാണ് സ്വകാര്യമേഖലയിലുള്ളത്.