ചണ്ഡിഗഢ്: കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയനായ ഹരിയാന ആരോഗ്യ മന്ത്രിക്ക് കോവിഡ് വന്നതില്‍ വിശദീകരണവുമായി ഭാരത് ബയോടെക്. വാക്‌സിന്റെ ഫലപ്രാപ്തി നിര്‍ണയിക്കാന്‍ കഴിയുന്നത് രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 14 ദിവസത്തിന് ശേഷമാണെന്ന് ഭാരത് ബയോടെക് അറിയിച്ചു.
‘ 28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസ് ഷെഡ്യൂള്‍ അടിസ്ഥാനമാക്കിയുള്ളതാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 14 ദിവസത്തിന് ശേഷമാണ് വാക്‌സിന്റെ ഫലപ്രാപ്തി നിര്‍ണയിക്കുക. രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം ഫലപ്രദമാകുന്ന തരത്തിലാണ് കോവാക്‌സിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ‘ ഭാരത് ബയോടെക് പ്രസ്താവനയില്‍ പറഞ്ഞു.
വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളികളായവരില്‍ 50 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും മറ്റുള്ളവര്‍ക്ക് പ്ലാസിബൊ (placebo) ആണ് നല്‍കിയതെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെകിന്റെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ദിവസങ്ങള്‍ക്ക് അകമാണ് മന്ത്രി അനില്‍ വിജിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ അംബാലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.