അബുദാബി: കോവിഡ് പോസിറ്റീവാണോ എന്ന് അറിയാന്‍ കഴിയുന്ന പോര്‍ട്ടബിള്‍ ഉപകരണവുമായി യുഎഇ. അബുദാബിയിലെ ഖലീഫ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് പോര്‍ട്ടബിള്‍ കോവിഡ് ടെസ്റ്റിങ് കിറ്റ് വികസിപ്പിച്ചെടുത്തത്. 45 മിനിറ്റിനുള്ളില്‍ കൃത്യമായി ഫലങ്ങള്‍ നല്‍കാന്‍ ഇതു വഴി കഴിയുന്നുണ്ട്. കൈയിലെടുത്ത് മാറ്റാവുന്ന ഉപകരണം പുതിയ സാഹചര്യത്തില്‍ ഏറെ ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തല്‍.
കോവിഡ് പോസിറ്റിവാണോ എന്ന് വേഗത്തിലും ചെലവു കുറഞ്ഞ രീതിയിലും കണ്ടെത്താന്‍ പുതിയ ഉപകരണം വഴി സാധിക്കും. ഇതുവച്ചുള്ള പ്രാഥമിക ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതായി ഖലീഫ സര്‍വകലാശാല എക്‌സിക്യൂട്ടിവ് വൈസ്പ്രസിഡന്റ് ഡോ. ആരിഫ് സുല്‍ത്താന്‍ അല്‍ ഹമ്മദി അഭിപ്രായപ്പെട്ടു.
കോവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരിലും ആശുപത്രികളില്‍ അടക്കമുള്ള ജോലിക്കാരിലുമാണ് പരീക്ഷണം ആദ്യഘട്ടത്തില്‍ നടത്തുന്നത്. നിലവില്‍ മൂക്കില്‍ നിന്ന് സാമ്പിള്‍ എടുത്താണ് പരിശോധന നടത്തുന്നത്. ഉടന്‍ തന്നെ ഉമിനീരില്‍ നിന്ന് സാമ്പിളെടുത്ത് പരിശോധിക്കുന്ന രീതി അവലംബിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കോവിഡുമായി ബന്ധപ്പെട്ടുള്ള വാക്‌സിന്‍, കോവിഡ് പെട്ടെന്ന് കണ്ടെത്തുന്നതിനായുള്ള ഉപകരണങ്ങള്‍ എന്നിങ്ങനെ പല തലത്തിലുള്ള ഗവേഷണങ്ങളാണ് യുഎഇ നടത്തുന്നത്.