അബുദാബി: യുഎഇയില്‍ വെള്ളിയാഴ്ച 931 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 517 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടുമ്പോഴും ഇന്ന് ഒരു മരണം പോലും സംഭവിച്ചില്ലെന്നത് ആശ്വാസകരമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 75,177 കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 10ന് രാജ്യത്ത് വെറും 179 പുതിയ കൊവിഡ് കേസുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് ഇന്ന് ഒരു മാസത്തിനിപ്പുറം പ്രതിദിന രോഗ വ്യാപന നിരക്ക് അഞ്ചിരട്ടിയോളം വര്‍ദ്ധിച്ചിരിക്കുന്നത്. യുഎഇയില്‍ ഇതുവരെ 77,842 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 68,462 പേര്‍ രോഗമുക്തരായി. 398 പേരാണ് മരണപ്പെട്ടിട്ടുള്ളത്. ഇന്നത്തെ കണക്കനുസരിച്ച് 8,982 കൊവിഡ് രോഗികള്‍ രാജ്യത്തുണ്ട്.
പുതിയ കൊവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍, സര്‍ക്കാര്‍ നിര്‍ദേശിച്ച മുന്‍കരുതല്‍ നടപടികളെല്ലാം കര്‍ശനമായി പാലിക്കണമെന്ന് വ്യക്തികളോടും സ്ഥാപനങ്ങളോടും അധികൃതര്‍ ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളിലും റസ്റ്റോറന്റുകളിലുമടക്കം ആളുകള്‍ കൂട്ടം കൂടുന്നതും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തുന്നതുമാണ് രോഗ വ്യാപനത്തിന്റെ മുഖ്യ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.