ന്യൂഡല്‍ഹി: കൊവിഡിന്റെ ഉറവിടം കണ്ടെത്താന്‍ പുതിയ സംഘത്തെ നിയോഗിച്ച് ലോകാരോഗ്യ സംഘടന. 26 അംഗ വിദഗ്ധ സംഘത്തിനാണ് രൂപം നല്‍കിയത്. കോവിഡിന്റെ ഉറവിടം കണ്ടെത്താനുള്ള അവസാനത്തെ സമിതിയായിരിക്കും ഇതെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. മുമ്പ് പല സമിതികള്‍ക്കും രൂപം നല്‍കിയിരുന്നെങ്കിലും ഉറവിടം കൃത്യമായി കണ്ടെത്താനായിരുന്നില്ല.
ചൈനയിലെ വുഹാനില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് ഒന്നര വര്‍ഷം പിന്നിട്ടു. ഇപ്പോഴും എങ്ങനെയാണ് വൈറസ് എത്തിയതെന്ന് കണ്ടെത്താന്‍ ആയിട്ടില്ല. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടര്‍ന്നതാണോ ഏതെങ്കിലും ലാബില്‍ നിന്നും വൈറസ് ചോര്‍ന്നതാണോ എന്ന സാധ്യതകളാണ് പരിശോധിക്കുന്നത്. മതിയായ വിവരങ്ങള്‍ ലഭ്യമല്ലാത്തതും ചൈനയുടെ നിസഹകരണവുമാണ് പ്രധാന തടസം.