X

സഊദിയില്‍ അഞ്ചാം ദിവസവും കോവിഡ് രോഗികള്‍ കുറഞ്ഞു; ആശ്വാസം

 

റിയാദ്: സഊദി അറേബ്യയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം തുടര്‍ച്ചയായി അഞ്ചാം ദിവസവും കുറഞ്ഞു. പുതുതായി 861 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 27 പേര്‍ മരണത്തിന് കീഴടങ്ങി. അതേസമയം, 996 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 317486 ഉം രോഗമുക്തിനേടിയവരുടെ എണ്ണം 292510 മരണ സംഖ്യ 3956 ഉം ആയി. 21020 രോഗികളാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1523 പേരുടെ നില ഗുരുതരമായി തുടരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
കോവിഡിനെ നേരിടാന്‍ രാജ്യം നടപ്പാക്കിയ നടപടികളുടെ ഫലങ്ങള്‍ കാണുന്നുവെന്നും കേസുകള്‍ കുറയുന്നതിന് പൊതുജനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും സുരക്ഷാ വിഭാഗവും ഉള്‍പ്പെടെ എല്ലാവരും സംഭാവന നല്‍കി എന്നും മന്ത്രാലയം പറഞ്ഞു. വൈറസ് ബാധ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്ന സ്ഥിതി വന്നാല്‍ പോലും അത് നേരിടാന്‍ രാജ്യം ഇപ്പോള്‍ സജ്ജമാണ്. 45 പേര്‍ക്ക് സ്ഥിരീകരിച്ച മദീന, ഹായില്‍ എന്നിവിടങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
റിയാദ് 44, ജിദ്ദ 43, ദമാം 41, മക്ക 40, ഹുഫൂഫ് 37, നജ്റാന്‍ 34, യാമ്പു 26, തബൂക്ക് 25, തായിഫ് 23 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ സ്ഥിതി. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും മറ്റുള്ളവരിലേക്ക് വൈറസ് പടരുന്നുണ്ട്. അമിത വണ്ണം ഉള്ളവരെ രോഗം കൂടുതല്‍ ബാധിക്കുന്നതായി കണ്ടുവരുന്നു. കൊറോണയില്‍ നിന്ന് കരകയറുന്നവരും പ്രതിരോധ നടപടികള്‍ തുടരണമെന്ന് മന്ത്രാലയം അറിയിച്ചു. തത്മന്‍ ക്ലിനിക്കുകള്‍ ആഴ്ചയില്‍ ഏഴു ദിവസവും പ്രവര്‍ത്തിക്കുന്നുണ്ട്. പരിശോധനക്കായി ഉപയോഗപ്പെടുത്താമെന്നും മന്ത്രാലയം അറിയിച്ചു.

 

web desk 1: