റിയാദ്: സഊദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 418 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 29 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. 612 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കോവിഡ് വ്യാപനം ശക്തമായതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ രണ്ടാമത്തെ പ്രതിദിന കണക്കാണിത്. കഴിഞ്ഞ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്ത 403 കേസുകളാണ് ഏറ്റവും കുറഞ്ഞ സംഖ്യ.
മാസങ്ങള്‍ക്കു ശേഷം ഇതാദ്യമായി എല്ലാ പ്രധാന നഗരങ്ങളിലും 50ല്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു എന്ന പ്രത്യേകതയുമുണ്ട്. മക്കയിലും റിയാദിലും 31 വീതം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. യാമ്പുവില്‍ 29ഉം ഹഫൂഫില്‍ 25ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് ഇതുവരെ 334,605 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 319,154 പേര്‍ രോഗമുക്തി നേടി. 478 പേരെ രോഗം ബാധിച്ചുള്ള ആകെ മരണം. 95.38 ശതമാനമാണ് രോഗമുക്തി നിരക്കെന്ന് മന്ത്രാലയം അറിയിച്ചു.