ന്യൂഡല്‍ഹി: കോവിഡ് പശ്ചാതലത്തില്‍ രാജ്യത്ത് പുതിയ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ പുറത്തിറക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതു സംബന്ധിച്ച 12 പേജുള്ള നിര്‍ദേശങ്ങളാണ് കമ്മീഷന്‍ പുറത്തുവിട്ടത്.
പുതിയ നിര്‍ദേശപ്രകാരം വീടുകള്‍ കയറിയുള്ള തെരഞ്ഞെടുപ്പ് ക്യാമ്പയിന് അഞ്ചിലധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. വോട്ടിങ് മെഷിനില്‍ വിരലമര്‍ത്തുന്നതിന് മുമ്പ് കൈയില്‍ ഗ്ലൗ ധരിച്ചിരിക്കണം, ബൂത്ത് പരിസരത്ത് ഒരേ സമയം ആയിരത്തിലധികം വോട്ടര്‍മാര്‍ നില്‍ക്കാന്‍ പാടില്ല, ബൂത്തിനകത്ത് പ്രവേശിക്കുമ്പോള്‍ വോട്ടര്‍മാരുടെ ശരീരോഷ്മാവ് പരിശോധിക്കണം തുടങ്ങിയുള്ള നിര്‍ദേശങ്ങളാണ് കമ്മീഷന്‍ പുറപ്പെടുവിച്ചത്.
ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള പരിധിക്കപ്പുറത്താണ് ശരീരോഷ്മാവെങ്കില്‍ വീണ്ടും പരിശോധന നടത്തും. എന്നിട്ടും കൂടുതലാണെങ്കില്‍ അവരോട് പോളിങ്ങിന്റെ അവസാന മണിക്കൂറില്‍ വീണ്ടും വരാന്‍ ആവശ്യപ്പെടും. വോട്ടെടുപ്പു ദിവസത്തെ അവസാന മണിക്കൂറിലാണ് അത്തരക്കാര്‍ക്ക് വോട്ട് ചെയ്യാനാവുക.
കമ്മീഷന്‍ നിര്‍ദേശ പ്രകാരം പൊതുപരിപാടികള്‍, റോഡ് ഷോകള്‍ എന്നിവ നടത്താനാവും. പക്ഷേ, കേന്ദ്രം നിര്‍ദേശിക്കുന്ന കോവിഡ് പ്രോട്ടോകോളുകളുടെ അടിസ്ഥാനത്തിലാവണം ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്.
മാസ്‌ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കുക, തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിക്കുക, പിപിഇ കിറ്റുകള്‍ ധരിക്കുക തുടങ്ങിയ സാധാരണ കോവിഡ് സുരക്ഷാ നടപടികളും തുടരും.
അതേ സമയം പോസ്റ്റല്‍ ബാലറ്റിലേക്ക് മടങ്ങണമെന്ന ആവശ്യം കമ്മീഷന്‍ തള്ളി. കൊവിഡ് സ്ഥിരീകരിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും അവശ്യസര്‍വ്വീസിലുള്ളവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം നല്‍കും.
കൊവിഡ് സ്ഥിരീകരിച്ചവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും അവശ്യ സര്‍വ്വീസിലുള്ളവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഒരുക്കും. ഒരു പോളിംഗ് ബൂത്തില്‍ പരമാവധി ആയിരം വോട്ടര്‍മാര്‍ മാത്രമായി നിജപ്പെടുത്തും. രജിസ്റ്ററില്‍ ഒപ്പിടാനും ഇവിഎമ്മില്‍ വോട്ട് രേഖപ്പെടുത്താനും കയ്യുറ നല്‍കും. പനിയോ, ആരോഗ്യ പ്രശ്‌നങ്ങളോ ഉള്ളവര്‍ക്ക് അവസാന മണിക്കൂറില്‍ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കും. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പിപിഇ കിറ്റുകള്‍ വിതരണം ചെയ്യുമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.