X

മലപ്പുറത്ത് രോഗവ്യാപനം അതിശക്തം; ഇന്ന് 322 പേര്‍ക്ക് കോവിഡ്

മലപ്പുറം: ജില്ലയില്‍ കോവിഡ് വ്യാപനം അതിശക്തം. ഇന്ന് 322 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 302 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 10 പേര്‍ക്ക് ഉറവിടമറിയാതെയും 292 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 12 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതിനിടെ ജില്ലയില്‍ 263 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. ഇതുവരെ 3,415 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യമാണ് ഇപ്പോഴും ജില്ലയിലുള്ളത്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം.
നിരീക്ഷണത്തിലുള്ളത് 38,702 പേര്‍
38,702 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,708 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 403 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 13, തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട്, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന്, കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 93, ചുങ്കത്തറ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 169, മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 67, പെരിന്തല്‍മണ്ണ എം.ഇ.എസ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 127, പെരിന്തല്‍മണ്ണ ഇ.എം.എസ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ ഒന്ന്, കീഴാറ്റൂര്‍ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 78, കോട്ടക്കല്‍ ആര്യവൈദ്യ ശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 24, കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 210, കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 518 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 35,795 പേര്‍ വീടുകളിലും 1,198 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
77,892 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു
ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 86,771 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 86,532 പേരുടെ ഫലം ലഭ്യമായതില്‍ 77,892 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 2,061 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

 

web desk 1: