ബെര്‍ലിന്‍: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ജര്‍മനിയില്‍ ഏപ്രില്‍ 18 വരെ ലോക്ഡൗണ്‍ നീട്ടി. നേരത്തെ മാര്‍ച്ച് 28 വരെയായിരുന്നു ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ മൂന്നു വരെ രാജ്യം പൂര്‍ണമായി അടച്ചിടും. ഏപ്രില്‍ അഞ്ചുവരെ ആരും പുറത്തിറങ്ങരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. 16 സംസ്ഥാന ഗവര്‍ണര്‍മാരുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം.
ആളോഹരി കണക്കില്‍ അമേരിക്കയേക്കാള്‍ കൂടുതലാണ് ജര്‍മനിയിലെ കോവിഡ് ബാധ. വൈറസിന്റെ മൂന്നാം വരവാണ് ജര്‍മനി നേരിടുന്നതെന്നു മെര്‍ക്കല്‍.
‘തികച്ചും വ്യത്യസ്തമായ വൈറസാണ് ഇപ്പോള്‍ കാണപ്പെടുന്നത്. നേരത്തെ കണ്ടെത്തിയിരുന്ന വൈറസിനെ അപേക്ഷിച്ച് കൂടുതല്‍ മരണനിരക്കിന് ഇടയാക്കുന്നതും വ്യാപനശേഷി കൂടുതലുള്ളതുമായ വൈറസാണിത്’ ചാന്‍സലര്‍ പറഞ്ഞു. തിങ്കളാഴ്ച ലക്ഷത്തില്‍ 107 പേര്‍ക്കാണ് ശരാശരി രോഗബാധ. മൂന്നാഴ്ച മുമ്പ് ഇത് 60 ആയിരുന്നു.