കോഴിക്കോട്: കോവിഡ് മൂലം മരിക്കുന്നവരെ മതാചാര പ്രകാരം ഖബറടക്കുന്നതിന് കുളിപ്പിക്കാന്‍ നിയന്ത്രണങ്ങളോടെ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് കെ.പി.എ മജീദ് ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയോ ആരോഗ്യ വകുപ്പ് പഠനങ്ങളോ കോവിഡ് മൂലം മരിച്ചവരെ കുളിപ്പിക്കുന്നതിന് വിലക്കു പറയുന്നില്ല. നേരത്തെ കേരളത്തില്‍ മാത്രം കോവിഡ് മൂലം മരിക്കുന്നവരുടെ മയ്യിത്തുകള്‍ വൃത്തിയാക്കുക പോലും ചെയ്യാതെ കവറിലേക്കിട്ട് ആഴത്തില്‍ കുഴിവെട്ടി മൂടുന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
വിഷയം ചര്‍ച്ച ചെയ്ത മുസ്്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി ചുമതപ്പെടുത്തിയതു പ്രകാരം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.കെ മുനീര്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുമായും ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായും ചര്‍ച്ച നടത്തി വിശ്വാസികള്‍ക്കുണ്ടാകുന്ന പ്രയാസങ്ങളും മരണാനന്തരമുള്ള അനാദരവും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നവമ്പര്‍ 24ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ മതാചാര പ്രകാരം മരണാനന്തര ചടങ്ങിന് അനുമതി നല്‍കുകയും മയ്യിത്തിനെ സ്്രേപ ചെയ്യാനും അനുമതി നല്‍കിയിരുന്നു.
എന്നാല്‍, കുളിപ്പിക്കാതെ കബറടക്കുന്നത് ആചാരപരമായ പൂര്‍ണ്ണതയില്ലാ്ത്തതാണെന്ന് തുടര്‍ന്നും വിശ്വാസികള്‍ മുന്നോട്ടു വെച്ചിരുന്നു. ആസ്പത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയ മയ്യിത്തുകള്‍ ബന്ധുക്കള്‍ കുളിപ്പിക്കുകയും സന്നദ്ധ പ്രവര്‍ത്തകരുടെ കൂടി സഹായത്തോടെ കബറടക്കുകയും ചെയ്‌തെന്ന പേരില്‍ പൊലീസ് കേസ്സ് എടുക്കുന്നത് പ്രയാസകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നവരെ ദുരിതത്തിലേക്ക് തള്ളിവിടുന്നതിന് തുല്ല്യമാണ്. ഇത്തരം കേസ്സുകള്‍ പിന്‍വലിച്ച് യാഥാര്‍്ത്ഥ്യ ബോധത്തോടെ കാര്യങ്ങളെ സമീപിക്കണം.
മയ്യിത്ത് വൃത്തിയാക്കി കുളിപ്പിച്ച ശേഷം നമസ്‌കാരം നിര്‍വ്വഹിക്കണമെന്നാണ് ജീവിതകാലമത്രയും ഇസ്്്‌ലാം മത പ്രകാരം ജീവിക്കുന്നവരുടെ ആഗ്രഹം. ആരോഗ്യപരമായതോ രോഗപരമായതോ ആയ ഒരു കാരണവുമില്ലാതെ ഇതു നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മയ്യിത്തുകള്‍ ഏറ്റുവാങ്ങുന്ന ബന്ധുക്കള്‍ക്ക് കുളിപ്പിക്കാനും മതപരമായ ചടങ്ങുകള്‍ പാലിച്ച് മറമാടാനും പ്രോട്ടോക്കോള്‍ പാലിച്ചു സാധ്യമാണ്. ഇക്കാര്യത്തില്‍ വ്യക്തവും ആശങ്കകള്‍ അവസാനിപ്പിക്കുന്നതുമായ ഉത്തരവ് അടിയന്തരമായി പുറപ്പെടുവിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.