തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച ജില്ല കോഴിക്കോട്. 1500ല്‍ അധികം പേര്‍ക്ക് ഇന്നു മാത്രം കോഴിക്കോട്ട് കോവിഡ് സ്ഥിരീകരിച്ചു. 1576 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1488 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതേസമയം ഇന്ന് 589 പേര്‍ ജില്ലയില്‍ രോഗമുക്തി നേടി.
നാലാം തവണയാണ് കോഴിക്കോട് ജില്ലയില്‍ പ്രതിദിന കോവിഡ് ബാധ ആയിരം കടക്കുന്നത്. ഒറ്റ ദിവസം ആയിരത്തി അഞ്ഞൂറ് കടക്കുന്നത് ഇതാദ്യമാണ്. കോഴിക്കോട് നഗരം കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. തൊട്ടയല്‍പക്ക ജില്ലയായ മലപ്പുറത്തും കോവിഡ് ബാധ രൂക്ഷമാണ്. 1350 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്നത്തെ കണക്കില്‍ രണ്ടാമതാണ് മലപ്പുറം. എറണാകുളത്തും തിരുവനന്തപുരത്തും ഇന്ന് ആയിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്താകെ ഇന്ന് കോവിഡ് കേസുകള്‍ പതിനായിരം കടന്നു. ഇതാദ്യമായാണ് പതിനായിരത്തിനപ്പുറത്തേക്ക് പ്രതിദിന കോവിഡ് കേസുകള്‍ കടക്കുന്നത്. 22 മരണങ്ങളും കോവിഡ് കാരണമാണെന്ന് റിപ്പോര്‍ട്ട് ചെയ്തു.