X

രാജ്യത്തെ കോവിഡ് ബാധിതര്‍ 49 ലക്ഷത്തിലേക്ക്

 

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പത്തിയൊന്‍പത് ലക്ഷത്തിലേക്ക്. തൊണ്ണൂറ്റി രണ്ടായിരത്തിന് മുകളിലായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രതിദിന വര്‍ധന. പതിമൂന്നു സംസ്ഥാനങ്ങളില്‍ ശരാശരി ഒരു ലക്ഷത്തിന് മുകളിലാണ് രോഗികളുടെ എണ്ണം.

രാജ്യത്തെ കൊവിഡ് രോഗികളില്‍ അറുപത് ശതമാനവുമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഇന്നലെ പ്രതിദിന വര്‍ദ്ധന കുറഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ പ്രതിദിന വര്‍ദ്ധന പതിനെട്ടായിരത്തിന് താഴെ എത്തി. കഴിഞ്ഞ ദിവസങ്ങളില്‍ കാല്‍ ലക്ഷത്തിനു അടുത്തു ആയിരുന്നു വര്‍ധന.

അതേ സമയം തന്നെ അതീവജാഗ്രത പാലിക്കേണ്ട ദിവസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് ഈ കണക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം തന്നെ രോഗഭീതിയുണ്ടാക്കുന്ന ആശങ്കകളും വര്‍ധിക്കുന്നുണ്ട്. ഇതിനിടെ മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്തുവരികയുണ്ടായി.

ലോകത്ത് ഏറ്റവുമധികം കൊവിഡ് അതിജീവനം നടക്കുന്നത് ഇന്ത്യയിലാണെന്നാണ് ഈ വാര്‍ത്ത. ആഗോളതലത്തില്‍ തന്നെ കൊവിഡുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ മഹാമാരിയുടെ ആദ്യഘട്ടം മുതല്‍ തന്നെ തയ്യാറാക്കി വരുന്ന ‘ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സ്റ്റിയുടെ’ പട്ടികയിലാണ് കൊവിഡ് അതിജീനത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് കാണിച്ചിരിക്കുന്നത്.

പ്രത്യക്ഷത്തില്‍ നേരിയ ആശ്വാസം തോന്നിക്കുന്ന വാര്‍ത്തയാണ് ഇതെങ്കിലും, സത്യത്തില്‍ കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ ആനുപാതികമായി സംഭവിക്കുന്ന മാറ്റം മാത്രമാണിതെന്നാണ് വിലയിരുത്തല്‍. കൊവിഡ് മുക്തിയുടെ കാര്യത്തില്‍ നേരത്തേയുണ്ടായിരുന്ന തോതിന് ഇടിവ് സംഭവിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഇതുവരെ മുപ്പത്തിയേഴ് ലക്ഷത്തിലധികം പേര്‍ രാജ്യത്ത് കൊവിഡ് മുക്തരായി എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കൊവിഡ് മുക്തിയുടെ തോത് 78 ശതമാനത്തിലെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കി. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് അനുസരിച്ച് രോഗം അതിജീവിച്ചവരുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

 

web desk 1: