X
    Categories: indiaNews

ഗംഗയിലെ മൃതദേഹങ്ങള്‍: യു.പിയില്‍ തിരിച്ചടിയാകുമെന്ന് ആര്‍.എസ്.എസ് യോഗത്തില്‍ മോദിയും അമിത് ഷായും

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തു നിയന്ത്രണാതീതമായതും മരണസംഖ്യ വര്‍ധിച്ചതും ബിജെപിയുടെ പ്രതിച്ഛായക്കു മങ്ങലേല്‍പ്പിച്ചതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ആര്‍എസ്എസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ യോഗി സര്‍ക്കാറിന് രൂക്ഷ വിമര്‍ശനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും പങ്കെടുത്ത യോഗത്തിലാണ് യു.പി സര്‍ക്കാറിനെതിരെ വ്യാപക വിമര്‍ശനമുണ്ടായത്. കോവിഡ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടന്നത് വിദേശമാധ്യമങ്ങള്‍ ഉള്‍പ്പെടെ വലിയ വാര്‍ത്തയാക്കിയത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നാണക്കേടായി.

രോഗപരിശോധന, രോഗികളുടെ എണ്ണം എന്നീ വിഷയങ്ങളില്‍ സുതാര്യതയില്ലെന്ന ആരോപണവും ഉയര്‍ന്നു. ഉത്തര്‍ പ്രദേശില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിര്‍ണായക യോഗം ചേര്‍ന്നത്. ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടനയെക്കുറിച്ചും സര്‍ക്കാരിനെക്കുറിച്ചും സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ലോക്സഭയിലേക്ക് ഏറ്റവും കൂടുതല്‍ ബിജെപി എംപിമാരെ അയച്ച ഉത്തര്‍പ്രദേശില്‍ ഭരണം നിലനിര്‍ത്തുകയെന്നത് പാര്‍ട്ടിയെ സംബന്ധിച്ച് നിര്‍ണായകമാണ്. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും ബിജെപി നേതൃത്വത്തെ ആകുലപ്പെടുത്തുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടിയുടെ മുഖം മിനുക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹോസ്ബൊലെ, ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയുടെ ചുമതലയുള്ള സുനില്‍ ബന്‍സാല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കുന്നതില്‍ വന്ന പാളിച്ചകള്‍ മൂലം പൊതുസമൂഹത്തില്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ആര്‍എസ്എസും ബിജെപി ഉന്നതനേതൃത്വവും കടുത്ത ആശങ്കയിലാണ്.

ആരോഗ്യ സംവിധാനത്തിലെ പാളിച്ചകള്‍, ഓക്സിജന്‍, വാക്സിന്‍ ക്ഷാമം, ആശുപത്രിക്കിടക്കകള്‍ ലഭ്യമല്ലാത്തത് എന്നീ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമാക്കി കടുത്ത വിമര്‍ശനങ്ങള്‍ തുടരുന്നതും യോഗത്തില്‍ ചര്‍ച്ചയായി. തിരിച്ചടി ഉറപ്പായ സാഹചര്യത്തിലാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകാനും പ്രകടമായി പ്രവര്‍ത്തനരംഗത്തു തുടരാനും അണികള്‍ക്കു നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയത്. മോദി സര്‍ക്കാരിന്റെ ഏഴാം വാര്‍ഷികം ആഘോഷിക്കുന്ന തരത്തില്‍ മേയ് 30-ന് ചടങ്ങുകളൊന്നും പാടില്ലെന്നും സേവനപ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കണമെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ ജെ.പി. നദ്ദ ആവശ്യപ്പെട്ടിട്ടുണ്ട്.

Test User: