അബുദാബി: അബുദാബിയില്‍ സ്‌കൂളിലേക്ക് വരുന്ന മാതാപിതാക്കള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധം. ഓഗസ്റ്റ് 30ന് സ്‌കൂള്‍ തുറക്കുന്നതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇതു സംബന്ധിച്ച തീരുമാനമുള്ളത്. കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത രക്ഷിതാക്കളെ സ്‌കൂളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
അടുത്ത ഞായറാഴ്ചയാണ് അബുദാബിയില്‍ സ്‌കൂളുകള്‍ തുറക്കുന്നത്. സ്‌കൂളിലേക്ക് പോകുന്ന തങ്ങളുടെ കുട്ടികളെ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റില്ലാതെ അനുഗമിക്കാനാവില്ലെന്നതിന്റെ സങ്കടത്തിലാണ് പല രക്ഷിതാക്കളും. കുട്ടികളെ ആദ്യമായി സ്‌കൂളില്‍ പറഞ്ഞയക്കുന്ന രക്ഷിതാക്കള്‍ക്കും സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ കൂടെ പോവാന്‍ കഴിയില്ല. അതേസമയം തങ്ങള്‍ക്ക് ബാധകമായ ഈ നിയമം അധ്യാപകര്‍ക്കും നടപ്പിലാക്കണമെന്ന് രക്ഷിതാക്കളില്‍ ചിലര്‍ ആവശ്യപ്പെടുന്നു.