ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സെപ്തംബര്‍ പതിനാറ് വരെ ഡല്‍ഹിയില്‍ 4,500 വരെയായിരുന്നു കൊവിഡ് പ്രതിദിന കണക്ക്. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇത് കുറഞ്ഞു. അടുത്ത ദിവസങ്ങളില്‍ കോവിഡ് വ്യാപനം കുറയുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചനയെന്നും അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു.
പ്രതിദിന കണക്കില്‍ ഏറ്റവും വലിയ വര്‍ധനവ് രേഖപ്പെടുത്തിയത് സെപ്തംബര്‍ പതിനാറിനായിരുന്നു. 4,473 പേര്‍ക്കാണ് സെപ്തംബര്‍ പതിനാറിന് കൊവിഡ് സ്ഥിരീകരിച്ചത്. സെപ്തംബര്‍ 15 മുതല്‍ 19 വരെ ദിനംപ്രതി 4000ലേറെ കേസുകളും 30 മുതല്‍ 40 വരെ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന് ശേഷം കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു. 24 മണിക്കൂറിനകം 3,700 കേസുകളും അതില്‍ താഴെയുമായി പ്രതിദിന കൊവിഡ് കണക്ക്. വരും ദിവസങ്ങളില്‍ കൊവിഡ് വ്യാപനം കുറയുമെന്ന സൂചനയും കേജ്‌രിവാള്‍ പങ്കുവച്ചു.
ഡല്‍ഹിയില്‍ ഇതുവരെ രണ്ടുലക്ഷത്തിലേറെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4,638 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.