ലണ്ടന്‍: ഫൈസറും ബയോഎന്‍ടെക്കും സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്സിന്‍ യു.കെയില്‍ വിതരണത്തിന് ഒരുങ്ങി. ഗവണ്‍മെന്റ് അനുമതി ലഭിച്ചതിന് പിന്നാലെയാണ് വാക്സിന്‍ വിതരണത്തിന് ഒരുങ്ങിയത്. 800,000 ഡോസുകളാണ് ആദ്യഘട്ടത്തില്‍ ജനങ്ങളിലെത്തുക.
ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ലന്‍ഡ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച വാക്സിന്‍ വിതരണം തുടങ്ങും. വടക്കന്‍ അയര്‍ലന്‍ഡില്‍ ഈയാഴ്ച ആദ്യംതന്നെ വാക്സിന്‍ നല്‍കിത്തുടങ്ങും. കോവിഡ് 19 വാക്‌സിന് അനുമതി നല്‍കിയ ആദ്യ പടിഞ്ഞാറന്‍ രാജ്യമാണ് യു.കെ.
ഫൈസര്‍/ബയോണ്‍ടെക് വാക്സീന്‍ വളരെ താഴ്ന്ന താപനിലയില്‍ സൂക്ഷിക്കണമെന്നതും മൂന്നാഴ്ചത്തെ ഇടവേളയില്‍ കുത്തിവയ്ക്കണമെന്നതും അടക്കമുള്ള നിബന്ധനകള്‍ വാക്സിന്‍ വിതരണം സങ്കീര്‍ണമാക്കുന്നു. എന്നാല്‍ ഇതുവരെ 1.5 ദശലക്ഷം പേരുടെ ജീവനെടുത്ത മഹാമാരിക്കെതിരെ ബ്രിട്ടന്‍ നടത്തുന്ന ആരോഗ്യരക്ഷാ ദൗത്യത്തെ കൗതുക പൂര്‍വം വീക്ഷിക്കുകയാണ് ലോക രാഷ്ട്രങ്ങള്‍.