ഡല്‍ഹി: ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് വാക്‌സിന്റെ ഇന്ത്യയിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ നിര്‍ത്തിവെച്ചു. ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നത് വരെ വാക്‌സിന്‍ പരീക്ഷണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു.
ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണം യുകെയില്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. വാക്‌സിന്‍ കുത്തിവെച്ച സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തീരുമാനമെന്ന് വാക്‌സിന്‍ നിര്‍മാണത്തില്‍ സര്‍വകലാശാലയ്‌ക്കൊപ്പം കൈകോര്‍ക്കുന്ന ഔഷധനിര്‍മാണ കമ്പനിയായ ആസ്ട്രസെനേക അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ച കാര്യം അറിയിക്കാത്തതിന് സിറം ഇന്‍സ്റ്റിറ്റിയൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ നേരത്തേ അനുമതി നേടിയ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ എന്തുകൊണ്ട് നിര്‍ത്തിവെക്കുന്നില്ലെന്ന് വ്യക്തമാക്കാനും ഡി.ജി.സി.ഐ. ഡോ. വി.ജി. സോമാനി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചിരിക്കുന്നത്.