X

സമ്പന്ന രാജ്യങ്ങള്‍ വാക്‌സിന്‍ വാങ്ങി കൂട്ടുന്ന തിരക്കില്‍; വികസ്വര രാജ്യങ്ങളില്‍ തികയില്ലെന്ന് ആശങ്ക

ഡല്‍ഹി: സമ്പന്ന രാജ്യങ്ങളും വികസ്വര രാജ്യങ്ങളും വാക്‌സിന്‍ വാങ്ങുന്നതില്‍ വലിയ അന്തരമുള്ളതായി യുഎസിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങള്‍ അവരുടെ മുഴുവന്‍ ജനങ്ങള്‍ക്കും ഒന്നിലധികം തവണ വാക്‌സിന്‍ നല്‍കാന്‍ കഴിയുന്നത്ര വാക്‌സീന്‍ ഡോസുകള്‍ വാങ്ങുന്നുവെന്നാണ് വിവരം.

എന്നാല്‍ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കാന്‍ മധ്യ, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കു പര്യാപ്തമല്ല. 1.6 ബില്യണ്‍ കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ഇന്ത്യ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് ജനസംഖ്യയുടെ 59 ശതമാനത്തിനു മാത്രമേ ആകൂ.

കോവിഡിനുള്ള വാക്‌സീനുകള്‍ വിപണിയില്‍ എത്തിക്കഴിഞ്ഞാല്‍ ഭൂരിപക്ഷവും ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലേക്കാണ് പോകുന്നതെന്നും ഡേറ്റ കാണിക്കുന്നു.

ഡോസിന്റെ കാര്യത്തില്‍ 1.6 ബില്യണ്‍ ഡോസുകളുമായി ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. യൂറോപ്യന്‍ യൂണിയന്‍ 6 വ്യത്യസ്ത സ്ഥാപനങ്ങളില്‍നിന്ന് ഇതുവരെ 1.36 ബില്യണ്‍ ഡോസുകള്‍ വാങ്ങി. യുഎസ് 1.1 ബില്യണ്‍ ഡോസുകള്‍ വാങ്ങി. എന്നാല്‍ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍, കാനഡ പോലുള്ള രാജ്യങ്ങള്‍ ജനസംഖ്യയുടെ അഞ്ചിരട്ടിയിലധികം കുത്തിവയ്പ്പ് നടത്താന്‍ മതിയായവ വാങ്ങിയിട്ടുണ്ട്.

അതേസമയം, രാജ്യത്താകമാനം വാക്‌സിനേഷന്‍ നല്‍കുന്നത് പരിഗണിക്കുന്നില്ലെന്നു ഈ മാസം ആദ്യം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് മുന്‍ഗണന. ശേഷം പൊലീസും സായുധ സേനാംഗങ്ങളും. അതുകഴിഞ്ഞ് 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കും.

 

Test User: