ഡല്‍ഹി: കോവിഡ് വാക്‌സീനെടുക്കാന്‍ കോവിന്‍ ആപ്പില്‍ നേരത്തേ റജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. 18 വയസ്സിനു മുകളിലുള്ള ആര്‍ക്കും ഏറ്റവും അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി കോവിന്‍ ആപ്പില്‍ റജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനില്‍ മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുകയോ ബുക്ക് ചെയ്യുകയോ നിര്‍ബന്ധമല്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ വാക്‌സിനേഷന്റെ വേഗം കൂട്ടാനും ജനങ്ങളെ കൂടുതലായി പങ്കെടുപ്പിക്കാനുമാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സീന്‍ നല്‍കുമെന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ജനസംഖ്യയില്‍ കൂടുതലുള്ള 18-44 പ്രായക്കാര്‍ക്കു പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതു കോവിഡ് നിയന്ത്രണങ്ങള്‍ നീക്കാനും സാമ്പത്തിക, വാണിജ്യ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കാനും നിര്‍ണായകമാണെന്നാണു വിദഗ്ധരുടെ നിര്‍ദേശം. നിലവില്‍ ജനസംഖ്യയുടെ 3.3 ശതമാനം പേര്‍ക്കു മാത്രമേ വാക്‌സീന്റെ രണ്ടു ഡോസും ലഭിച്ചിട്ടുള്ളൂ.