ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വാക്‌സിന്‍ സ്വീകരിച്ച നഴ്‌സ് വാര്‍ത്താ സമ്മേളനത്തിനിടെ കുഴഞ്ഞു വീണു. ഫൈസര്‍ ബയോണ്‍ടെക് വാക്‌സിന്‍ സ്വീകരിച്ച ടെന്നെസിലെ ചാറ്റനോഗ ആശുപത്രിയിലെ ടിഫാനി ഡോവര്‍ എന്ന നഴ്‌സാണ് കുഴഞ്ഞുവീണത്. ചാനല്‍ ലൈവില്‍ സംസാരിക്കുന്നതിനിടെ ‘ക്ഷമിക്കണം, എനിക്ക് തലകറങ്ങുന്നു’ എന്ന് പറഞ്ഞ് നടന്നുനീങ്ങുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കുഴഞ്ഞുവീഴുന്ന ടിഫാനിയെ ഡോക്ടര്‍മാര്‍ താങ്ങിപ്പിടിച്ച് തറയില്‍ കിടത്തുന്നതും കാണാം. ‘ ഞാനും മറ്റു സ്റ്റാഫുകളുമെല്ലാം വാക്‌സിന്‍ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ്. ഞങ്ങളെല്ലാം കോവിഡ് യൂണിറ്റില്‍ പ്രവര്‍ത്തിച്ചവരാണ്. അതിനാല്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കാനുള്ള ആദ്യ അവസരവും ഞങ്ങള്‍ക്കു കിട്ടി.’ മാധ്യമങ്ങളോട് ഇത് പറഞ്ഞു നീങ്ങുമ്പോഴാണ് സംഭവം.
എന്നാല്‍ തനിക്ക് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും അത് പെട്ടെന്ന് സംഭവിച്ചതാണെന്നും ബോധം വന്നതിനു ശേഷം ടിഫാനി പ്രതികരിച്ചു. തനിക്ക് വേദന ഉണ്ടാകുമ്പോള്‍ ബോധരഹിതയാകുന്ന അസുഖമുണ്ടെന്നും അതിനാലാണ് അത്തരത്തില്‍ സംഭവിച്ചതെന്നും അവര്‍ പറഞ്ഞു.
യുഎസില്‍ ഉടനീളം വാക്‌സീന്‍ സ്വീകരിച്ച ആളുകള്‍ ബോധരഹിതരാകുകയും കുഴഞ്ഞുവീഴുകയും ചെയ്യുന്നു എന്ന റിപ്പോര്‍ട്ടുകള്‍ യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷനില്‍ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.