X
    Categories: Health

എല്ലാ രാജ്യങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ വേണം; ആദ്യം ആര്‍ക്ക് ?

ചൈനീസ് കമ്പനിയായ സിനോവാക് ബയോടെക് 2004 ല്‍ SARS നായി ഒരു പരീക്ഷണാത്മക വാക്‌സിന്‍ വികസിപ്പിച്ചെടുത്തിരുന്നു. എന്നാല്‍ SARS ഇല്ലാതായതോടെ അവര്‍ ആ പദ്ധതി അവസാനിപ്പിച്ചു. കഴിഞ്ഞ ജനുവരിയില്‍ ചൈനയില്‍ പുതിയ കൊറോണ വൈറസ് SARS-CoV-2 പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്നെ കമ്പനി വാകിസിന്‍ നിര്‍മ്മിക്കാനുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആദ്യ പരീക്ഷണം നടത്തിയത് കുരങ്ങുകളിലായിരുന്നു.

എന്നാല്‍ കമ്പനി പിന്നീട് അനുഭവിക്കേണ്ടി വന്ന പ്രശ്‌നം രോഗികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതായിരുന്നു. ചൈന നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ നടപടികള്‍ വൈറസിനെ ഫലപ്രദമായി ഇല്ലാതാക്കി. ഇതോടെ ഡോക്ടര്‍മാര്‍ക്ക് അവരുടെ വാക്‌സിന്‍ പൂര്‍ണ്ണമായി പരിശോധിക്കാന്‍ രോഗികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. യുഎസില്‍ ധാരാളം രോഗ്ികള്‍ ഉണ്ടായിരുന്നു, എന്നാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കാരണം കോവിഡ് 19 നുള്ള ചൈനീസ് വാക്‌സിന്‍ യുഎസ് പരീക്ഷിച്ചില്ല.

ലോകത്തെ കോവിഡ് ബാധിച്ച എല്ലാ രാജ്യങ്ങളും വാക്‌സിനുള്ള പരിശ്രമത്തിലാണ്. ഓപ്പറേഷന്‍ വാര്‍പ്പ് സ്പീഡ് എന്ന സര്‍ക്കാര്‍ സംരംഭത്തിലൂടെ യുഎസ് ഇതിനകം തന്നെ 5 ബില്യണ്‍ ഡോളറിലധികം ചിലവഴിച്ചു.റഷ്യ വാക്‌സിന്‍ ഔദ്യോഗികമായി പുറത്തിറക്കിയെന്ന പ്രസ്താവന നടത്തിയിട്ട് ആഴ്ച്ചകള്‍ പിന്നിട്ടിട്ടും അത് സുരക്ഷിതമാണ് എന്ന് ഇതുവരെ തെളിയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.

നവംബറില്‍ ചൈന കോവിഡ് വാക്‌സിന്‍ പൊതുജനങ്ങളിലേക്ക് എത്തിക്കും എന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിപണിയിലെത്തുന്ന വാക്‌സിന്‍ പൂര്‍ണമായും സുരക്ഷിതമാണോ അല്ലെയോ എന്ന് തെളിയിക്കുന്നത് വരെ ആശങ്ക അകലുകയില്ല. അമേരിക്കയും കോവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തില്‍ മുന്‍ നിരയില്‍ തന്നെ ഉണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന. ഒരു മാസത്തിനുള്ളില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് കോവിഡ് വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യാനാണ് ട്രംപിന്റെ ശ്രമമെന്നും ധൃതി പിടിച്ച് എടുക്കുന്ന ഈ തീരുമാനം വലിയ ആപത്ത് വരുത്തിവെക്കുമെന്നും വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു.

ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ പരീക്ഷണമാണ് ഇന്ത്യയില്‍ പ്രതീക്ഷ നല്‍കുന്നത്. എന്നാല്‍ ലണ്ടനില്‍ നടന്ന ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ ഒരാള്‍ക്ക് അപൂര്‍വ്വ രോഗം കണ്ടെത്തിയതിന് തുടര്‍ന്ന് പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ നിര്‍മാണത്തിന് അധികാരമുള്ള സിറം ഇന്‍സ്റ്റിറ്റിയൂട്ടും പരീക്ഷണം നിര്‍ത്തിയിരുന്നു. ലോകം മുഴുവന്‍ ഫലപ്രദമായ കോവിഡ് വാക്‌സിനായുള്ള ഓട്ടത്തിലാണ്. ആദ്യമായി ലോകത്തിന് സുരക്ഷിത കോവിഡ് വാക്‌സിന്‍ നല്‍കുന്ന രാജ്യം ആരോഗ്യ രംഗത്ത് മാത്രമല്ല, സാമ്പത്തികമായി വലിയ നേട്ടം കൈവരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

 

Test User: