രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരാള്‍ ടെസ്റ്റ് ചെയ്യുന്നത്. എന്നാല്‍ രോഗലക്ഷണം പ്രകടമാകാതെ പോസിറ്റീവ് ആയവരുമുണ്ട്. രോഗമുണ്ടെന്ന് അറിയാതെ വാക്‌സീന്‍ സ്വീകരിച്ചാല്‍ സാധാരണഗതിയില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ല. കാരണം കോവിഡ് പോസിറ്റീവ് ആയിട്ടും അറിയാതിരിക്കുന്ന ആളിന് ഗുരുതരമായിട്ടുള്ള ഇന്‍ഫെക്ഷന്‍ വരാന്‍ സാധ്യതയില്ല.
അങ്ങനെയുള്ള ആളിന്റെ ശരീരത്തില്‍ വൈറസ് ലോഡും കുറവായിരിക്കും. വൈറസ് ലോഡ് കൂടുമ്പോള്‍ മാത്രമേ ലക്ഷണങ്ങള്‍ പുറത്തു വരികയുളൂ. അതുകൊണ്ടുതന്നെ ലക്ഷണങ്ങള്‍ ഇല്ലാത്ത ഒരാള്‍ക്ക് വരുന്നത് വളരെ ചെറിയ രീതിയിലുള്ള കോവിഡ് ഇന്‍ഫെക്ഷന്‍ ആയിരിക്കും. അങ്ങനെയുള്ള ഒരാള്‍ വാക്‌സീന്‍ എടുത്താല്‍ പ്രത്യേകിച്ച് കുഴപ്പമൊന്നും സംഭവിക്കില്ല. പക്ഷേ ലക്ഷണങ്ങളുള്ള ഒരാള്‍ വാക്‌സീന്‍ എടുത്താല്‍ അയാളുടെ ശരീരത്തില്‍ നേരത്തെതന്നെ ആന്റിബോഡികള്‍ ഉണ്ടായിരിക്കും. അപ്പോള്‍ വാക്‌സീന്‍ കുത്തി വയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ആന്റിബോഡികളും കൂടിയാകുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം.
എന്നാല്‍ ലക്ഷണമുള്ള ഒരാള്‍ വാക്‌സീന്‍ എടുക്കാന്‍ പാടില്ല. പനി പോലെയുള്ള ലക്ഷണങ്ങള്‍ വാക്‌സീന്‍ എടുക്കുന്നതിനു മുന്‍പ് നമുക്ക് തിരിച്ചറിയാനാകും. കാര്യമായ ലക്ഷണങ്ങളില്ലാതെ വാക്‌സീന്‍ സ്വീകരിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
രോഗം സ്ഥിരീകരിച്ചവര്‍ മൂന്നു മാസം കഴിഞ്ഞേ എടുക്കാവൂ എന്നാണ് നിര്‍ദേശം. രോഗം വന്നു കഴിയുമ്പോള്‍ അതില്‍ ആന്റിബോഡികള്‍ ഉണ്ടാവും. ഈ സാഹചര്യത്തില്‍ വാക്‌സീന്‍ എടുക്കുമ്പോള്‍ ഉണ്ടാകുന്ന ആന്റിബോഡികളുമായി റിയാക്ഷന്‍ ഉണ്ടാകും. അതുകൊണ്ടാണ് അസുഖം വന്നവര്‍ ഈ കാലയളവ് കഴിഞ്ഞിട്ട് മാത്രമേ വാക്‌സീന്‍ എടുക്കാവൂ എന്നു പറയുന്നത്.
ആദ്യ ഡോസ് വാക്‌സീന്‍ സ്വീകരിച്ചശേഷം രോഗം വരുന്നവര്‍ ലക്ഷണങ്ങളെല്ലാം കഴിഞ്ഞ് രോഗം മാറിയ ശേഷം 28 മുതല്‍ 56 ദിവസത്തിനിടയില്‍ സെക്കന്‍ഡ് ഡോസ് വാക്‌സീന്‍ സ്വീകരിക്കാവുന്നതാണ്.