ഡല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് അനുമതി ലഭിച്ചാല്‍ ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക 30 കോടി പേര്‍ക്ക്. ഇതിനായി കേന്ദ്ര ധനമന്ത്രാലയം പതിനായിരം കോടി രൂപയാണ് ചെലവഴിക്കുക.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാര മെഡിക്കല്‍ സ്റ്റാഫ് എന്നിങ്ങനെ ഒരു കോടി ആരോഗ്യപ്രവര്‍ത്തകരാണ് ആദ്യഘട്ട മുന്‍ഗണനാ ലിസ്റ്റില്‍ ഇടംപിടിക്കുക. രണ്ടു കോടി അവശ്യ സേവന വിഭാഗക്കാര്‍, 27 കോടി പ്രായമേറിയവര്‍, പ്രമേഹം, ഹൃദയ, കരള്‍ രോഗമുള്ളവര്‍ തുടങ്ങിയവരെ ആദ്യഘട്ടത്തില്‍ വാക്‌സിനേഷനായി പരിഗണിക്കും.
മൂന്നു വാക്‌സിനുകളാണ് അടിയന്തര ഉപയോഗത്തിന് അനുമതിക്കായി അപേക്ഷിച്ചിട്ടുള്ളത്. ഫൈസര്‍, ഭാരത് ബയോടെകും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേര്‍ന്നുള്ള വാക്‌സിന്‍ എന്നിവരാണ് മുന്തിയ പരിഗണനയിലുള്ളത്. ഓക്‌സ്ഫഡും ആസ്ട്ര സെനക്കയും സെറം ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി തയ്യാറാക്കുന്ന കോവിഷീല്‍ഡ് ആകും ആദ്യഘട്ട ഉപയോഗത്തിന് അനുമതി നല്‍കുകയെന്നാണ് സൂചന.
കോവിഷീല്‍ഡ് വാക്‌സിന്‍ ഒരു ഡോസിന് 250 രൂപയാകും വിലയെന്നാണ് റിപ്പോര്‍ട്ട്. 30 കോടി പേര്‍ക്ക് കുത്തിവെപ്പിനായി 600 ദശലക്ഷം ഡോസ് വാക്‌സിനാണ് വേണ്ടത്. 2021 മാര്‍ച്ച് വരെ 500 ദശലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ സംഭരിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു.