X
    Categories: indiaNews

വാക്‌സിന്‍ എടുത്തവര്‍ രണ്ടു വര്‍ഷത്തിനകം മരിക്കുമോ? ; പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ ഇതാണ്

ഗുവാഹത്തി: വാക്‌സിന്‍ സ്വീകരിച്ചവര്‍ രണ്ട് വര്‍ഷത്തിനകം മരിക്കുമെന്ന രീതിയില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് അസം പൊലീസ്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സന്ദേശം വ്യാജമാണെന്ന് അസം പൊലീസ് അറിയിച്ചത്.

വാക്‌സിനെ കുറിച്ച് ഫ്രഞ്ച് നൊബേല്‍ സമ്മാന ജേതാവിന്റെ പേരിലാണ് വ്യാജ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ രണ്ട് വര്‍ഷത്തിനകം മരിക്കുമെന്നായിരുന്നു ഉള്ളടക്കം. ലൈഫ് സൈറ്റ് ന്യൂസ് എന്ന സൈറ്റിലാണ് നൊബേല്‍ സമ്മാനജേതാവിനെ ഉദ്ധരിച്ച് ഇത്തരമൊരു വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്.

യു.എസ്.എയിലെ റെയ്ര്‍ ഫൗണ്ടേഷന് നല്‍കിയ അഭിമുഖത്തില്‍ നൊബേല്‍ സമ്മാന ജേതാവായ ലുക് മോണ്ടനീര്‍ ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയെന്നായിരുന്നു വാര്‍ത്ത . വാക്‌സിനേഷന്‍ ചരിത്രപരമായ മണ്ടത്തരമാണെന്നും ഒരിക്കലും അതിനെക്കുറിച്ച് ചിന്തിക്കരുതെന്നും ശാസ്ത്രജ്ഞന്‍ പറഞ്ഞുവെന്നായിരുന്നു സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നത്. വാക്‌സിനേഷനാണ് വിവിധ കോവിഡ് വകഭേദങ്ങളെ സൃഷ്ടിക്കുന്നത്. ഇത് കോവിഡ് മരണങ്ങള്‍ക്ക് കാരണമാവുന്നുവെന്നും ശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെട്ടുവെന്നാണ് ലൈഫ് സൈറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.

വ്യാജമായ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്. തെറ്റായ വിവരങ്ങള്‍ വൈറസിനേക്കാളും അപകടകരമാവുമെന്ന് അസം പൊലീസ് ട്വീറ്റില്‍ വ്യക്തമാക്കി.

 

Test User: