X
    Categories: indiaNews

കോവിഡ് വാക്‌സിന്‍ ; രാജ്യത്ത് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുക ഈ നാല് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്

ഡല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി (ഐസിഎംആര്‍) സഹകരിച്ചു ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്‌സീനായ കോവാക്‌സിന്‍ 2021 ഫെബ്രുവരിയില്‍ ലഭ്യമാകുമെന്ന് ഏകദേശം ഉറപ്പായതോടെ വിതരണ നടപടികള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഏതെല്ലാം ആളുകള്‍ക്കാണു വാക്‌സീന്‍ ആദ്യം നല്‍കേണ്ടത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണു സര്‍ക്കാര്‍ തീരുമാനിച്ചത്.

പണം ഈടാക്കാതെ സൗജന്യമായി വാക്‌സീന്‍ നല്‍കാനാണു നിലവില്‍ പദ്ധതി. ആദ്യഘട്ടത്തില്‍ 30 കോടിയോളം പേര്‍ക്കാണു വാക്‌സീന്‍ നല്‍കുക. ഉപഭോക്താക്കളെ ആധാര്‍ കാര്‍ഡ് വഴി ട്രാക്ക് ചെയ്യുമെങ്കിലും ആധാര്‍ ഇല്ലാത്തവര്‍ക്കും വാക്‌സിനേഷന്‍ ലഭിക്കും. ഫോട്ടോ പതിച്ച ഏതെങ്കിലും അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കിയാല്‍ മതിയെന്നു കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ നാലു വിഭാഗങ്ങള്‍ക്കാണു മുന്‍ഗണന

1) ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആശ വര്‍ക്കര്‍മാര്‍, എംബിബിഎസ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 1 കോടി ആരോഗ്യ പ്രവര്‍ത്തകര്‍.
2) മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, പൊലീസ്, സൈന്യം എന്നീ വിഭാഗങ്ങളിലെ ജീവനക്കാര്‍ ഉള്‍പ്പെടെ 2 കോടി ആളുകള്‍.
3) 50 വയസ്സിനു മുകളിലുള്ള, ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട 26 കോടി ആളുകള്‍.
4) മറ്റു രോഗങ്ങള്‍ ബാധിച്ച് ഗുരുതര നിലയിലായ 50 വയസ്സിനു താഴെയുള്ളവര്‍ 1 കോടി.’

കോവാക്‌സിന്‍ നല്ല ഫലപ്രാപ്തി കാണിക്കുന്നുണ്ടെന്നും അടുത്ത ഫെബ്രുവരി അല്ലെങ്കില്‍ മാര്‍ച്ച് തുടക്കത്തില്‍ ലഭ്യമാകുമെന്നാണു പ്രതീക്ഷയെന്നും കോവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം കൂടിയായ മുതിര്‍ന്ന ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍ രജനികാന്ത് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.

Test User: