X

ഓക്‌സ്ഫഡ് വാക്‌സിന്‍; അന്തിമഘട്ട പരീക്ഷണം യുഎസില്‍ ആരംഭിച്ചു- പ്രതീക്ഷയോടെ ലോകം

ന്യൂയോര്‍ക്ക്: ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനകയും സംയുക്തമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സിന്‍ അന്തിമഘട്ടത്തിലേക്ക് കടന്നു. അമേരിക്കയിലാണ് വാകിസിന്റെ അവസാന ഘട്ട പരീക്ഷണങ്ങള്‍. 18 വയസ്സിന് മുകളില്‍ പ്രായമുള്ള 30,000 വോളന്റിയര്‍മാരിലാണ് എഇസഡ്ഡി 1222 എന്ന വാക്സിന്‍ പരീക്ഷിക്കുന്നത്.

ഒക്ടോബര്‍ ആദ്യ വാരത്തോടെ ഈ പരീക്ഷണങ്ങളുടെ പ്രാഥമിക വിവരങ്ങള്‍ ലഭ്യമാകുമെന്ന് ഗവേഷകര്‍ കരുതുന്നു. അങ്ങനെയായാല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് വാക്സിന്‍ ഉപയോഗത്തിന് അടിയന്തിര അനുമതി നല്‍കാനാണ് ട്രംപിന്റെ നീക്കം. എത്രയും വേഗം വാക്‌സിന്‍ ലഭ്യമാക്കണമെന്ന് നേരത്തെ ട്രംപ് മരുന്നു കമ്പനികളില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.

യുഎസിന് പുറമേ, ഓക്സ്ഫഡ് വാക്സിന്റെ വിവിധ ഘട്ടങ്ങളിലെ പരീക്ഷണം ഇന്ത്യ, ബ്രസീല്‍, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിലും നടന്നു കൊണ്ടിരിക്കുന്നുണ്ട്. മൊഡേര്‍ണ, ഫൈസര്‍ തുടങ്ങിയവയും തങ്ങളുടെ മൂന്നാം ഘട്ട വാക്സിന്‍ പരീക്ഷണത്തിനായി 30,000 ഓളം പേരെ എന്‍ റോള്‍ ചെയ്തിരുന്നു. ചൈനീസ് കമ്പനിയുമായി ചേര്‍ന്ന് യുഎഇയിലും കോവിഡ് വാക്‌സിന്‍ പരീക്ഷണം പുരോഗമിക്കുകയാണ്.

നാലാഴ്ചയുടെ ഇടവേളയില്‍ വോളന്റിയര്‍മാര്‍ക്ക് രണ്ട് ഡോസ് വാക്സിനാണ് നല്‍കുന്നത്. ജലദോഷ പനിയുണ്ടാക്കുന്ന അഡെനോവൈറസിന് ജനിതക പരിവര്‍ത്തനം വരുത്തിയാണ് ഓക്സ്ഫഡ് വാക്സീന്‍ വികസിപ്പിച്ചിരിക്കുന്നത്.

 

 

Test User: