X
    Categories: indiaNews

കോവിഡ് വാക്സിനും ഹൃദയാഘാതവും; പഠന റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്ന് ഐ.സി.എം.ആര്‍

ന്യൂഡല്‍ഹി: കോവിഡ് 19നു ശേഷം രാജ്യത്ത് ഹൃദയാഘാതങ്ങളും ഇതേതുടര്‍ന്നുള്ള മരണങ്ങളും കുത്തനെ ഉയരുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാതലത്തില്‍ നടത്തിയ പഠനങ്ങളുടെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്ന് ഐ. സി.എം.ആര്‍. പഠനങ്ങള്‍ പ്രകാരം ഗവേഷകര്‍ ചില പ്രാഥമിക നിഗമനങ്ങളില്‍ എത്തിയിട്ടുണ്ടെന്നും രണ്ടാഴ്ചക്കകം ഈ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും ഐ.സി.എം.ആര്‍ ഡയരക്ടര്‍ ജനറല്‍ രാജീവ് ബാല്‍ പറഞ്ഞു.

പഠന റിപ്പോര്‍ട്ട് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സ്വീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേലുള്ള സ്വതന്ത്രാവലോകനം നടന്നുവരികയാണ്. കോവിഡ് 19 വാക്സിനും വര്‍ധിച്ചു വരുന്ന ഹൃദയാഘാതങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന് കണ്ടെത്തുന്നതിന് സമാന്തരമായ നാലു പഠനങ്ങളാണ് ഗവേഷകര്‍ ഒരേ സമയം നടത്തിയതെന്ന് ഐ.സി. എം.ആര്‍ വ്യക്തമാക്കി.

ഇതില്‍ ഒന്ന് യുവാക്കളുടെ പെട്ടെന്നുള്ള മരണങ്ങളാണ്. രണ്ടാമത്തേത് എല്ലാ പ്രായക്കാരിലുമുള്ള പെട്ടെന്നുള്ള ഹൃദയാഘാതങ്ങളും ഇതേതുടര്‍ന്നുള്ള മരണങ്ങളും ഇവക്ക് ദീര്‍ഘകാല കോവിഡ് ബാധ, കോവിഡ് വാ്ക്സിനേഷന്‍, കോവിഡ് ബാധയെതുടര്‍ന്നുള്ള ഗുരുതരാവസ്ഥ എന്നിവയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതാണ്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രികളില്‍ കഴിഞ്ഞ രോഗികളെ ഒരു വര്‍ഷത്തോളം നിരീക്ഷിച്ചാണ് ഈ പഠനം നടത്തിയത്.

40 ആശുപത്രികളില്‍ നിന്നുള്ള രോഗികളെയാണ് ഇതിനായി തിരഞ്ഞെടുത്തത്. ഹൃദയാഘാതം, മസ്തിഷ്‌കാഘാതം എന്നിവയെതുടര്‍ന്നുണ്ടായ പൊടുന്നനെയുള്ള മരണങ്ങളാണ് മൂന്നാമത്തെ പഠനത്തിന് വിഷയമാക്കിയത്. നാലാമത്തേതില്‍ ഹൃദയാഘാതമുണ്ടാവുകയും എന്നാല്‍ മരണം സംഭവിക്കാതിരിക്കുകയും ചെയ്ത കേസുകളാണ് പഠിച്ചത്.
റൈസ് ഇന്ത്യാ സമ്മിറ്റില്‍ ഈ വിഷയം ചോദ്യമായി ഉയര്‍ന്നു വന്നതിനെതുടര്‍ന്നാണ് ഇതേക്കുറിച്ച് ഐ.സി.എം.ആര്‍ പഠനം നടത്തിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. കോവിഡാനന്തരം ഹൃദയാഘാത മരണങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്ന കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് പുറത്തു വരുമെന്നാണ് വിവരം.

webdesk11: