ഒട്ടാവ: വ്യോമഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ ഉദ്യമമായിരിക്കും കോവിഡ് വാക്‌സിന്റെ ആഗോള വിതരണമെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍പോര്‍ട്ട് അസോസിയേഷന്‍. ഇതിനായി 8,000 ത്തോളം ബോയിങ് 747 വിമാനങ്ങള്‍ ആവശ്യമായി വരുമെന്ന് അയാട്ട വ്യക്തമാക്കി.
കോവിഡിനെതിരെയുള്ള ഫലപ്രദമായ വാക്‌സിന്‍ ഇതു വരെ ലഭ്യമായിട്ടില്ലെങ്കിലും വിമാനക്കമ്പനികള്‍, വിമാനത്താവളങ്ങള്‍, ആഗോള ആരോഗ്യസംഘടനകള്‍, മരുന്നുനിര്‍മാണ കമ്പനികള്‍ എന്നിവയുമായി സഹകരിച്ച് വിതരണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ അയാട്ട ആരംഭിച്ചു കഴിഞ്ഞു. ‘കോവിഡ് വാക്‌സിന്റെ സുരക്ഷിത വിതരണമാണ് വ്യോമചരക്കുഗതാഗതത്തിന്റെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദൗത്യം, അതീവശ്രദ്ധയോടു കൂടിയ ആസൂത്രണം ഇതിനാവശ്യമാണ്, ഇപ്പോഴാണ് അതിനുള്ള ശരിയായ സമയം’, അയാട്ടയുടെ ചീഫ് എക്‌സിക്യുട്ടിവ് അലക്‌സാന്‍ഡ്രെ ഡി ജൂനിയാക് പറഞ്ഞു.
യാത്രാവിമാനങ്ങളില്‍ തന്നെ വാക്‌സിന്‍ കൊണ്ടുപോകാനുള്ള സാധ്യതകളാണ് വിമാനക്കമ്പനികള്‍ പരിശോധിക്കുന്നത്. എന്നാല്‍ മരുന്നുകള്‍ സൂക്ഷിക്കാനാവശ്യമായ താപനിലയുടെ സൗകര്യം എല്ലാ യാത്രാവിമാനങ്ങളിലുമില്ല. 2 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയിലാണ് സാധാരണയായി വാക്‌സിന്‍ സൂക്ഷിക്കുന്നത്. ചില പ്രതിരോധമരുന്നുകള്‍ അതില്‍ താഴെയുള്ള താപനിലയില്‍ സൂക്ഷിക്കേണ്ടി വരും.
കൂടാതെ വടക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള വിമാനസര്‍വീസ് ദുഷ്‌കരമാണ്. ആഫ്രിക്കയിലുടനീളമുള്ള വാക്‌സിന്‍ വിതരണവും പ്രയാസമാണെന്ന് അയാട്ടയുടെ കാര്‍ഗോ വിഭാഗം മേധാവി ഗ്ലിന്‍ ഹ്യൂഗ്‌സ് പറഞ്ഞു.