X
    Categories: Health

വാക്‌സിനേഷനു ശേഷം വീണ്ടും കോവിഡ് ബാധിതരായവര്‍ ആരും മരണപ്പെട്ടിട്ടില്ലെന്ന് പഠനം

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ച മാസങ്ങള്‍ ആയിരുന്നു ഏപ്രിലും മേയും. കോവിഡ് ഒരിക്കല്‍ വന്നവര്‍ക്ക് പോലും ഈ മാസങ്ങളില്‍ വീണ്ടും രോഗബാധ ഉണ്ടായി. എന്നാല്‍ വീണ്ടും കോവിഡ് ബാധിക്കപ്പെടുന്നതിനു മുന്‍പ് വാക്‌സിനേഷന്‍ എടുത്തവരാരും ഇക്കാലയളവില്‍ മരണപ്പെട്ടിട്ടില്ലെന്ന് ഡല്‍ഹി എയിംസ് നടത്തിയ പഠനത്തില്‍ കണ്ടെത്തി.

വാക്‌സിനേഷന്‍ എടുത്തതിനു ശേഷം ഒരാളെ കോവിഡ് ബാധിച്ചാല്‍ ഇതിനെ ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷന്‍ എന്നാണ് വിളിക്കുന്നത്.വ ഉയര്‍ന്ന വൈറല്‍ ലോഡ് ഉണ്ടായിട്ടും വാക്‌സീന്‍ എടുത്തവരാരും കോവിഡ് പുനര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടില്ലെന്ന് എയിംസ് പഠനം ചൂണ്ടിക്കാട്ടുന്നു. 63 ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷനുകളില്‍ 36 രോഗികള്‍ക്ക് വാക്‌സീന്റെ രണ്ട് ഡോസുകളും 27 പേര്‍ക്ക് ഒരു ഡോസും ലഭിച്ചതാണ്. 10 പേര്‍ക്ക് കോവിഷീല്‍ഡും 53 പേര്‍ക്ക് പേര്‍ക്ക് കോവാക്‌സീനുമാണ് ലഭിച്ചു.

സാര്‍സ് കോവ്2 വകഭേദങ്ങള്‍ 36 സാമ്പിളുകളില്‍ കണ്ടെത്തി(57.1%). ഇതില്‍ 19 പേര്‍(52.8%) രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവരും 17 പേര്‍(47.2%) ഒരു ഡോസ് വാക്‌സീന്‍ പൂര്‍ത്തിയാക്കിയവരുമാണ്. B. 1.617.2 വകഭേദം 23 സാമ്പിളുകളില്‍(63.9%) കണ്ടെത്തി. ഇതില്‍ 12 എണ്ണം രണ്ട് ഡോസ് എടുത്തവരിലും 11 എണ്ണം ഒരു ഡോസ് എടുത്തവരിലുമാണ്. B. 1.617.1, B. 1.1.7 വകഭേദങ്ങള്‍ യഥാക്രമം നാലും(11.1%) ഒന്നും(2.8%) സാമ്പിളുകളില്‍ കണ്ടെത്തി.
ആര്‍ക്കും മരണം സംഭവിച്ചില്ലെങ്കിലും എല്ലാവര്‍ക്കും അഞ്ചു മുതല്‍ ഏഴു ദിവസം വരെ ഉയര്‍ന്ന തോതിലുള്ള പനി ഉണ്ടായി. 37 ആണ് ഇവരുടെ ശരാശരി പ്രായം. 63ല്‍ 41 പേര്‍ പുരുഷന്മാരും 22 പേര്‍ സ്ത്രീകളുമാണ്. ഇവരാരും സഹ രോഗാവസ്ഥകള്‍ ഉള്ളവരല്ല.കോവിഡ് ബാധിക്കപ്പെട്ടവര്‍ക്കും വാക്‌സിനേഷന്‍ എടുത്തവര്‍ക്കും രോഗത്തിനെതിരെ നീണ്ടുനില്‍ക്കുന്ന പ്രതിരോധം ഉണ്ടാകുമെന്ന് അടുത്തിടെ നടന്ന മറ്റ് രണ്ട് പഠനങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു.

 

Test User: