X
    Categories: keralaNews

20 ദിവസത്തിനിടെ സംസ്ഥാനത്ത് കാല്‍ലക്ഷം കോവിഡ് രോഗികള്‍

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: കോവിഡ് രോഗവ്യാപനത്തിന്റെ അടുത്തഘട്ടത്തിലേക്ക് സംസ്ഥാനം കടന്നതോടെ പ്രതിദിന കണക്കുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 20 ദിവസത്തിനിടെ 28,586 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഒരുദിവസം മാത്രമാണ് ആയിരത്തില്‍ താഴെ രോഗികളുടെ എണ്ണം വന്നത്. ഏറ്റവുമൊടുവില്‍ ഇത് രണ്ടായിരവും കടന്നു. കോവിഡ് പ്രതിരോധത്തിന്റെ ചുമതല പൊലീസിനെ ഏല്‍പ്പിച്ചിട്ടും രോഗവ്യാപനത്തില്‍ ഒരു പ്രതിരോധവും തീര്‍ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് കണക്കുകള്‍ തെളിയിക്കുന്നു. എറണാകുളം, തിരുവനന്തപുരം ജില്ലകളിലുള്‍പ്പെടെ കോവിഡ് വ്യാപനം തടയുന്നതില്‍ ജില്ലാഭരണകൂടങ്ങളും ആരോഗ്യവകുപ്പും സമ്പൂര്‍ണ പരാജയമാവുകയാണ്. ജൂലൈ മാസം 19,171 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഈ മാസത്തിന്റെ ആദ്യ മൂന്നാഴ്ചക്കുള്ളില്‍ മാത്രം 8000ല്‍ അധികം കേസുകളാണ് വര്‍ധിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ വ്യാഴം വരെയുള്ള കണക്കുകള്‍ പ്രകാരം ഈ മാസം 118 പേരാണ് കോവിഡ് മൂലം മരിച്ചത്. ജൂലൈയില്‍ 49 പേരായിരുന്നു മരണപ്പെട്ടത്. 20,801 പേര്‍ കഴിഞ്ഞ 20 ദിവസത്തിനിടെ രോഗ മുക്തി നേടി. ആഗസ്ത് 20 വരെ സംസ്ഥാനത്ത് 52,199 പേര്‍ക്കാണ് കോവിഡ് സ്ഥികരീകരിച്ചത്. ഇതില്‍ 33,824 പേര്‍ രോഗമുക്തരായി.
രോഗവ്യാപനത്തിനൊപ്പം മരണനിരക്കും സംസ്ഥാനത്ത് ഉയരുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഒരു മരണമെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 30 പേരാണ് ജില്ലയില്‍ ഇതുവരെ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത്. തിരുവനന്തപുരം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് എറണാകുളത്താണ്. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന എറണാകുളം പച്ചാളം ലൂര്‍ദ് ആസ്പത്രിക്ക് എതിര്‍വശം ടോള്‍ ഗേറ്റ് റോഡ് മാളിയേക്കല്‍ ഗോപിനാഥന്‍ (63) ഇന്നലെ മരിച്ചു. മൃതദേഹം ഇടപ്പള്ളി ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഇദ്ദേഹം വടുതലയിലെ കോവിഡ് രോഗിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള വ്യക്തിയായിരുന്നു. വ്യാഴാഴ്ച രാത്രി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു. ഇദ്ദേഹവും സഹോദരനും വടുതല സ്‌കൂള്‍ പടിയില്‍ റേഷന്‍ കട നടത്തുകയാണ്. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എന്‍ഐവി ലാബിലേക്കയച്ചു. ഭാര്യ: ഷീബ. മക്കള്‍: സ്‌നേഹ, ശിവദത്ത്. അതിനിടെ കഴിഞ്ഞ 18ന് മരിച്ച എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് കുട്ടി (78) യുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: