X

കോവിഡ് കാലത്തെ സര്‍വകലാശാല പരീക്ഷകള്‍ പ്രതിസന്ധിയില്‍

കോവിഡ് മൂന്നാം തരംഗം ഭീതി ജനിപ്പിച്ചു വരുമെന്ന പ്രഖ്യാപനത്തിനിടയിലും സര്‍വകലാശാല പരീക്ഷകള്‍ എങ്ങനെ നടത്തണമെന്നതിനെപറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പിനോ സര്‍ക്കാരിനോ പ്രത്യേകിച്ചൊരു തീരുമാനവുമില്ല. കോളജുകളിലെ ഡിഗ്രി – പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ കൃത്യമായി ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ മുടക്കമില്ലാതെ തീര്‍ക്കുന്നുണ്ട്. ക്ലാസുകള്‍ തീര്‍ക്കുന്നതല്ലാതെ പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴി നടത്തുന്നതിന് സര്‍ക്കാര്‍ പ്രത്യേകിച്ചൊരു മാര്‍ഗരേഖയുമിറക്കി സര്‍വകലാശാലകള്‍ക്കെത്തിച്ചിട്ടില്ല.
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള കോളജുകളില്‍ ഡിഗ്രി ആറാം സെമസ്റ്റര്‍ ക്ലാസുകള്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ തന്നെ അവസാനിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഇതുവരെ പരീക്ഷ നടത്തിയിട്ടില്ല. കാലിക്കറ്റിനു കീഴിലെ ഇപ്പോള്‍ മൂന്നാം സെമസ്റ്റര്‍ ഡിഗ്രിയിലേക്കു കടന്നവരുടെ ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷകളും, ഇപ്പോള്‍ അഞ്ചാം സെമസ്റ്ററിലേക്കു കടന്നവരുടെ മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷകളും എന്നാണു നടക്കുകയെന്ന് സര്‍വകലാശാലയിലുള്ളവര്‍ക്കുപോലുമറിയില്ല. അവസാനം വിവിധ സെമസ്റ്റര്‍ പരീക്ഷകള്‍ ഒന്നിച്ചെഴുതേണ്ടിയും വരും. ഇതുപോലെ പി.ജി കോഴ്‌സുകളുടെ വിവിധ പരീക്ഷകളും മുടങ്ങിക്കിടക്കുകയാണ്.

കോവി ഡ് തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി. എന്നിട്ടും കഷ്ടപ്പെട്ട് പഠിക്കുന്ന കുട്ടികള്‍ക്ക് കോഴ്‌സ് പൂര്‍ത്തീകരിച്ച് ഭാവി ജീവിതം കരുപ്പിടിപ്പിക്കണമെങ്കില്‍ പരീക്ഷ എഴുതി വിജയിക്കണം. ഡിജിറ്റല്‍ സര്‍വകലാശാലയെന്ന് മേനി നടിക്കുന്ന കാലിക്കറ്റ് സര്‍വകലാശാല കഴിഞ്ഞ ഒരു വര്‍ഷമായി മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നുവെങ്കില്‍ ഇപ്പോള്‍ മുടങ്ങിക്കിടക്കുന്ന മുഴുവന്‍ പരീക്ഷകളും ഓണ്‍ലൈന്‍ വഴി നടത്തി ഫലം നല്‍കാമായിരുന്നു.

ഓണ്‍ലൈന്‍ പരീക്ഷാ നടത്തിപ്പിന് നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി നടത്തേണ്ടിയിരുന്നു. ഇതും ഇത്ര കാലമായിട്ടും ചെയ്തിട്ടില്ല. പൂനെ സര്‍വകലാശാല അഞ്ച് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഓണ്‍ലൈനില്‍ നടത്തി ഫലം നല്‍കിക്കഴിഞ്ഞു. കുസാറ്റിലും ടെക്‌നിക്കല്‍ സര്‍വകലാശാലയിലും ഈ രീതി പരീക്ഷിച്ചു കഴിഞ്ഞു. എം.ജിയില്‍ വാഴ്‌സിറ്റി ആസ്ഥാനത്ത് ഒരു കോടി രൂപ മുടക്കി കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളുമൊരുക്കി ഓണ്‍ലൈന്‍ പരീക്ഷാ സെന്റര്‍ സ്ഥാപിച്ചു.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുടെ പരീക്ഷകള്‍ എം.ജി ഓണ്‍ലൈന്‍ വഴി നടത്തി വിജയിച്ചു. ഇനി എം.ജി ആസ്ഥാനത്തെ ഡിപ്പാര്‍ട്ടുമെന്റുകളിലാണ് ഓണ്‍ലൈന്‍ പരീക്ഷാ നടത്തിപ്പ്. അതു കഴിഞ്ഞ് അഫിലിയേറ്റഡ് കോളജുകളില്‍ ഓണ്‍ലൈന്‍ പരീക്ഷാ നടത്തിപ്പിന് സജ്ജമായി കഴിഞ്ഞു. ഇതെല്ലാം നേരത്തേയുള്ള മുന്നൊരുക്കങ്ങളിലൂടെയാണ് എം.ജി പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചത്. കാലിക്കറ്റ് സര്‍വകലാശാലയാണ് സംസ്ഥാനത്ത് അഫിലിയേറ്റഡ് കോളജുകളും വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴിലും കൂടുതല്‍ പഠിതാക്കളുള്ള സര്‍വകലാശാല. ഇവരുടെ പരീക്ഷാ നടത്തിപ്പിനെ പറ്റി സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഒന്നും പറയുന്നില്ല.

ഓണ്‍ലൈന്‍ പരീക്ഷ അല്ലാതെ മറ്റു രീതിയില്‍ അടുത്ത കാലത്തൊന്നും പരീക്ഷ നടത്താന്‍ കാലിക്കറ്റെന്നല്ല ഒരു സര്‍വകലാശാലക്കുമാകില്ല. കാലിക്കറ്റ് വാഴ്‌സിറ്റി ആസ്ഥാനത്തെ ഡിപാര്‍ട്ടുമെന്റുകളിലെ പി.ജി പരീക്ഷ ഓണ്‍ലൈന്‍ വഴി നടത്താനാണ് വി.സിക്കും വാഴ്‌സിറ്റിയിലെ അധ്യാപകര്‍ക്കും താല്‍പര്യം. എന്നാല്‍ ഇത്തരമൊരു തീരുമാനം സിന്‍ഡിക്കേറ്റോ പരീക്ഷാ സ്റ്റാന്റിങ് കമ്മിറ്റിയോ അറിയാതെ നടക്കില്ലെന്ന തീരുമാനത്തിലാണ് സിന്‍ഡിക്കേറ്റംഗങ്ങള്‍. ഓണ്‍ലൈന്‍ പരീക്ഷ നടത്തണമെങ്കില്‍ വിദ്യാര്‍ത്ഥി – അധ്യാപക സംഘടനകളുമായും ജീവനക്കാരുടെ സംഘടനകളുമായും ചര്‍ച്ച നടത്തണം.

സാങ്കേതിക മേഖലയില്‍ വിദഗ്ധരെ ഉപയോഗിച്ച് വിപുലമായ പദ്ധതികള്‍ തയാറാക്കി സൗകര്യങ്ങള്‍ ഒരുക്കണം. ഇതെല്ലാം ഇനിയെന്നാണെന്ന ചോദ്യത്തിന് ഉത്തരമില്ല. ഒരു കാര്യം ഉറപ്പായി. ഇങ്ങനെ പോയാല്‍ കാലിക്കറ്റ് സര്‍വകലാശാല അടുത്ത കാലത്തൊന്നും അഫിലിയേറ്റഡ് കോളജുകളിലെയും ഡിസ്റ്റന്‍സ് എജ്യൂക്കേഷന് കീഴില്‍ പഠിക്കുന്നവരുടെയും പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴി നടത്താന്‍ തയാറാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു.

Test User: