മക്ക: കോവിഡിന്റെ പശ്ചാത്തലത്തില്‍ പുനരാരംഭിച്ച ഉംറ തീര്‍ഥാടനം ആദ്യം ഘട്ടം പൂര്‍ത്തിയാക്കി. ഒന്നേകാല്‍ ലക്ഷം പേരാണ് ഉംറ നിര്‍വഹിച്ചത്. എന്നാല്‍ ആദ്യഘട്ടത്തില്‍ ആര്‍ക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് സൗദി ഹജ്ഉംറ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയത്. ആഭ്യന്ത തീര്‍ഥാടകര്‍ക്ക് മാത്രമായി ഒക്ടോബര്‍ 4 പുനരാരംഭിച്ച ഉംറ നിര്‍വഹിക്കുന്നതിന് സെപ്റ്റംബര്‍ 27 മുതലാണ് റജിസ്‌ട്രേഷന്‍ തുടങ്ങിയത്.
ആദ്യ ഘട്ടത്തില്‍ ഉംറ കര്‍മത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇരു ഹറമുകളിലെയും നമസ്‌കാരം, മദീന സന്ദര്‍ശനം തുടങ്ങിയവ രണ്ടാം ഘട്ടത്തില്‍ മാത്രമാണ് അനുവദിച്ചത്. ഒരു ദിവസം 6000 തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കിയിരുന്ന ആദ്യ ഘട്ടത്തെ അപേക്ഷിച്ച് ഇപ്പോള്‍ 15000 പേര്‍ക്ക് ഉംറ നിര്വഹിക്കാനാകും. ഒപ്പം 40000 വിശ്വാസികള്‍ക്ക് ഹറം പള്ളിയില്‍ പ്രാര്‍ഥിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഹജ് ഉംറ മന്ത്രാലയത്തിന്റെ അണ്ടര്‍ സെക്രട്ടറി ഡോ.ആമിര്‍ അല്‍ മദ്ദ പറഞ്ഞു.
ആപ്ലിക്കേഷനിലൂടെയല്ലാതെ ഉംറക്കും സിയാറത്തിനും അനുമതിയില്ല. തീര്‍ഥാടകരെ കബളിപ്പിക്കാന്‍ തയാറാക്കിയ വ്യാജ ആപ്പുകളെ കുറിച്ച് വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ പള്ളിയുടെ ഒന്നാം നിലയില്‍ പ്രത്യേകം അടയാളപ്പെടുത്തിയ ഭാഗത്ത് ഭിന്ന ശേഷിക്കാര്‍ക്കായി സൗകര്യം സജ്ജീകരിച്ചിട്ടുണ്ടെന്നും ഇവര്‍ക്കായി പ്രത്യേക പ്രവേശന കവാടം പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തില്‍ വിദേശത്ത് നിന്ന് ഉള്‍പ്പെടെയുള്ള തീര്‍ഥാടകര്‍ക്ക് സേവനം അര്‍പ്പിക്കാന്‍ 531 കമ്പനികള്‍ രംഗത്തുണ്ട്. ഉംറ നിര്‍വഹിക്കാനും ഹറമില്‍ മനസ്‌കരിക്കാനും മദീന പള്ളി സന്ദര്‍ശിക്കാനും വിദേശികളും ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്തിരിക്കണം.
തീര്‍ഥാടകരുടെ എണ്ണം കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്നത് വിദഗ്ധ സമിതിയില്‍ നിന്നുള്ള ദൈനംദിന റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് ബന്ദന്‍ പറഞ്ഞു. അധികാരികള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്ന് എല്ലാ തീര്‍ഥാടകരോടും ജീവനക്കാരോടും അദ്ദേഹം അഭ്യര്‍ഥിച്ചു.