ബെംഗളൂരു: കര്‍ണാടകയിലെ രണ്ട് മന്ത്രിമാര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഗ്രാമവികസനപഞ്ചായത്ത് രാജ് മന്ത്രി കെ.എസ്. ഈശ്വരപ്പ, വനിതാശിശുവികസന മന്ത്രി ശശികല ജൊല്ലെ എന്നിവര്‍ക്കാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
മന്ത്രി ഈശ്വരപ്പയെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച മുതല്‍ അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനാ ഫലം പോസിറ്റീവായതോടെ ഡോക്ടറുടെ ഉപദേശപ്രകാരം ചികിത്സ തേടിയെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. ശിവമോഗ മണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗമാണ് 72 കാരനായ ഈശ്വരപ്പ.
അതിനിടെ, കോവിഡ് സ്ഥിരീകരിക്കപ്പെട്ട വനിതാ ശിശു വികസന മന്ത്രി ശശികല ജൊല്ലെ വീട്ടില്‍തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സ്വകര്യ ആശുപത്രിയില്‍ ചികിത്സ തേടിയശേഷമാണ് അദ്ദേഹം രോഗമുക്തനായത്. കര്‍ണാടകയിലെ കാബിനറ്റ് മന്ത്രിമാരായ ബി.ആര്‍. ശ്രീരാമുലു, എസ്.ടി. സോമശേഖര്‍, ആനന്ദ് സിങ്, സി.ടി. രവി എന്നിവര്‍ക്കും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ എന്നിവര്‍ക്കും നിരവധി എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും കഴിഞ്ഞ രണ്ടു മാസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.