കോവിഡ് ബാധ എങ്ങനെ തിരിച്ചറിയാമെന്ന കാര്യത്തില്‍ ഭൂരിഭാഗം ആളുകളിലും വലിയ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. കോവിഡിന് നിരവധി ലക്ഷണങ്ങള്‍ ആരോഗ്യവിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും ഈ ലക്ഷണങ്ങള്‍ മറ്റു സാഹചര്യങ്ങളിലും ഉണ്ടാവാമെന്നതിനാല്‍ ഇത് കോവിഡ് ആണോ എന്ന് എങ്ങനെ തിരിച്ചറിയുമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും സംശയമുണ്ട്. ലക്ഷണങ്ങളില്ലാതെയും പലരിലും കോവിഡ് പോസിറ്റീവ് ആവുന്നുണ്ട് എന്നതാണ് മറ്റൊരു കാര്യം.
പനി, തൊണ്ടവേദന, രുചിയില്ലായ്മ, മണമില്ലായ്മ തുടങ്ങിയവയാണ് കോവിഡിന്റെ പ്രധാനലക്ഷണണങ്ങളായി ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇതില്‍ പ്രധാനമായും കാണപ്പെടുന്ന ഒന്ന് തൊണ്ടവേദനയാണ്. എന്നാല്‍ തൊണ്ടവേദന സാര്‍വത്രികമായ ഒരു സാധാരണ ആരോഗ്യപ്രശ്‌നം കൂടിയാണ്. അലര്‍ജി, വായുമലിനീകരണം തുടങ്ങിയ കാരണങ്ങള്‍ കൊണ്ടെല്ലാം സാധാരണ തൊണ്ടവേദനയുണ്ടാവാറുണ്ട്. ഇതില്‍ നിന്ന് കോവിഡ് തൊണ്ടവേദനയെ എങ്ങനെ തിരിച്ചറിയാമെന്നതാണ് എല്ലാവര്‍ക്കുമുള്ള പ്രധാന സംശയം.
രോഗിക്ക് ഇതിന്റെ വ്യത്യാസം മനസ്സിലാക്കാന്‍ കഴിയില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തൊണ്ടവേദന, കുത്തിക്കുത്തിയുള്ള ചുമ, ഭക്ഷണം കഴിക്കുമ്പോള്‍ അധികമായ വേദന, ചെറിയ വീക്കം തുടങ്ങിയവ കോവിഡ് തൊണ്ടവേദനയുടെ ലക്ഷണമായി കാണാം. എന്നാല്‍ ഇത് സാധാരണ ഉണ്ടാവാറുള്ള തൊണ്ടവേദനക്കൊപ്പവും ഉണ്ടാവാറുണ്ട്. അതുകൊണ്ട് തന്നെ തൊണ്ടവേദനക്കൊപ്പം മറ്റു ലക്ഷണങ്ങള്‍ കൂടി നോക്കി മാത്രമേ കോവിഡ് തൊണ്ടവേദന തിരിച്ചറിയാന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. തൊണ്ടവേദനക്കൊപ്പം രുചിയില്ലായ്മ, മണമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ കൂടി ഉണ്ടെങ്കില്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമായും ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദേശം.