X
    Categories: indiaNews

നാളെ മുതല്‍ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന

കോവിഡ് പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ഇന്നലെ ചേര്‍ന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ യോഗം വിമാനത്താവളങ്ങളില്‍ നാളെ മുതല്‍ കോവിഡ് ഇടവിട്ട് പരിശോധന നടത്താന്‍ നിര്‍ദേശിച്ചു. രാവിലെ പത്തുമുതല്‍ രണ്ട് ശതമാനം യാത്രക്കാരെയാണ് പരിശോധനക്ക് വിധേയമാക്കുക. സാമ്പിള്‍ നല്‍കിയ ശേഷം യാത്രക്കാരെ പോകാന്‍ അനുവദിക്കും. കോവിഡ് വാക്‌സിന്‍ എടുത്തവരെ മാത്രമേ വിമാനത്താവളത്തിനകത്തേക്ക് പ്രവേശിപ്പിക്കൂ. മാസ്‌കും സാമൂഹികാകലവും നിര്‍ബന്ധം. രോഗലക്ഷണമുള്ളവരെ ഏകാന്തനിരീക്ഷണത്തിന് വിധേയമാക്കാനും ആരോഗ്യമന്ത്രാലയം വ്യോമയാനമന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.
ചൈനയില്‍നിന്ന് ബിഎഫ്-7 ഇനം കോവിഡ് രാജ്യത്തെത്തിയതായി തെളിഞ്ഞ സാഹചര്യത്തിലാണിത്. അതേസമയം ഭയക്കാനില്ലെന്നും അനാവശ്യഭീതി പരത്തരുതെന്നും ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എ പറഞ്ഞു. പ്രധാനമന്ത്രി മോദി സംസ്ഥാനങ്ങള്‍ അലംഭാവം കാട്ടരുതെന്നും ഓക്‌സിജന്‍ സിലിണ്ടറുകളുള്‍പ്പെടെ കരുതിവെക്കണമെന്നും നിര്‍ദേശിച്ചു.
കോവിഡ് ഭീതി പരത്തുന്നത് ഭാരത് ജോഡോ യാത്ര നിര്‍ത്തിവെക്കാനാണെന്ന് നേരത്തെ കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. ചൈനയില്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്നാണ് കഴിഞ്ഞദിവസം അവിടെനിന്നുള്ള മലയാളികള്‍ വീഡിയോയിലൂടെ അറിയിച്ചത്. ഏതായാലും കരുതിയിരിക്കാം.

Chandrika Web: