X

സ്രവം വേണമെന്ന് നിര്‍ബന്ധമില്ല; കോവിഡ് പരിശോധനക്ക് കവിള്‍കൊണ്ട വെള്ളവും

ഡല്‍ഹി: കോവിഡ് പരിശോധനയ്ക്ക് കവിള്‍കൊണ്ട വെളളമായാലും മതിയെന്ന് പഠനം. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് തൊണ്ടയില്‍നിന്നും മൂക്കില്‍നിന്നും ശേഖരിക്കുന്ന സ്രവസാമ്പിളുകള്‍ക്ക് പകരമായി വായില്‍ കവിള്‍കൊണ്ട വെളളം മതിയെന്ന പരാമര്‍ശമുളളത്.

ഡല്‍ഹി എയിംസ് ആശുപത്രിയിലെ 50 കോവിഡ് രോഗികളില്‍ മെയ് മുതല്‍ ജൂണ്‍ വരെ ഐ.സി.എം.ആറിലെ വിദഗ്ധ ഗവേഷകര്‍ ഇതു സംബന്ധിച്ച പഠനം നടത്തിയത്. രോഗനിര്‍ണയം നടത്തി 72 മണിക്കൂറിനുളളില്‍ ഇവരില്‍നിന്ന് രണ്ടു തരത്തിലുളള സാമ്പിളുകളും ശേഖരിച്ചിരുന്നു. സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കാണ് വിധേയമാക്കിയത്.മൂക്കില്‍നിന്നും തൊണ്ടയില്‍നിന്നും ശേഖരിച്ച സ്രവപരിശോധനയ്ക്ക് സമാനമായി കവിള്‍കൊണ്ട വെള്ളത്തിന്റെ സാമ്പിളും പോസ്റ്റീവായിരുന്നു.

നേരത്തേയുളള സ്രവശേഖര രീതിയില്‍ 72% രോഗികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ പുതിയ രീതി 24 ശതമാനം പേരെ മാത്രമാണ് അസ്വസ്ഥരാക്കിയത്. പ്രത്യേക പരിശീലനം, സ്രവം ശേഖരിക്കുന്നവര്‍ക്ക് രോഗം പകരാനുളള സാധ്യത തുടങ്ങി സാമ്പിളുകള്‍ ശേഖരിക്കുന്നതിന് ഒരു പാട് പോരായ്മകളുണ്ടായിരുന്നു. എന്നാല്‍ ഇതിനു പകരം വായില്‍ കുലുക്കുഴിഞ്ഞ വെളളം സാമ്പിളായി ശേഖരിക്കുന്നതിലൂടെ ഇത്തരം ന്യൂനതകളെല്ലാം മറികടക്കാന്‍ സാധിക്കും. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുന്നതുള്‍പ്പടെ പരിശോധനയുടെ ചെലവ് കുറയ്ക്കാനും സാധിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

Test User: