തിരുവനന്തപുരം: സംസ്ഥാനത്ത് 50 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ള 72 പഞ്ചായത്തുകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 300ല്‍ അധികം പഞ്ചായത്തുകളില്‍ 30 ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്. 500 മുതല്‍ 2000 വരെ ആക്ടീവ് കേസ് ലോഡുള്ള 57 പഞ്ചായത്തുകളുണ്ട്. എറണാകുളം ജില്ലയില്‍ 50 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുള്ള 19 പഞ്ചായത്തുകളാണുള്ളത്.
കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയര്‍ന്നുതന്നെ തുടരുകയാണ്. ഈ ജില്ലകളില്‍ കൂടുതല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മറ്റു ജില്ലകളില്‍ രോഗനിരക്ക് പതുക്കെ കുറഞ്ഞുവരുന്നുണ്ട്.
മേയ് 15 വരെയുള്ള സമയത്ത് സംസ്ഥാനത്ത് 450 മെട്രിക് ടണ്‍ ഓക്‌സിജന്‍ ആവശ്യമായി വരും എന്നാണ് കണക്കാക്കുന്നത്. ഓക്‌സിജന്‍ വേസ്‌റ്റേജ് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മൂന്ന് ഓക്‌സിജന്‍ പ്ലാന്റുകള്‍ കൂടി അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.