X
    Categories: HealthMore

വീട്ടിലിരുന്ന് സ്വയം കോവിഡ് പരിശോധന നടത്താം; ടെസ്റ്റ് കിറ്റിന് അനുമതി

വാഷിങ്ടണ്‍: വീട്ടിലിരുന്ന് സ്വയം കോവിഡ് ടെസ്റ്റ് നടത്താന്‍ പുതിയ സംവിധാനത്തിന് അനുമതി നല്‍കി യുഎസ്. കൊറോണ വൈറസിനെ കണ്ടെത്താനുള്ള സ്വയം പരിശോധനാ കിറ്റിനാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്ഗ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കിയത്. ലൂസിറ ഹെല്‍ത്ത് ഇന്‍കോര്‍പ്പറേറ്റിന്റെ റാപ്പിഡ് റിസള്‍ട്ട് ഓള്‍-ഇന്‍-വണ്‍ ടെസ്റ്റ് കിറ്റിന് അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരമാണ് നല്‍കിയിരിക്കുന്നത്.

കോവിഡ് 19 പരിശോധനയ്ക്കായി വീട്ടിലെത്തി സാംപിള്‍ ശേഖരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും പൂര്‍ണമായും വീട്ടില്‍ വെച്ചു തന്നെ കോവിഡ് പരിശോധന നടത്താനുള്ള കിറ്റിന് അനുമതി കൊടുക്കുന്നത് ഇതാദ്യമാണെന്ന് എഫ്ഡിഎ കമ്മീഷണര്‍ സ്റ്റീഫന്‍ ഹാന്‍ പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമായതോടെ പരിശോധന വര്‍ധിക്കുന്നത് വഴി നേരിടുന്ന പ്രതിസന്ധി ഒഴിവാക്കാനാണ് ഈ പുതിയ സംവിധാനം. പകര്‍ച്ചവ്യാധിയെ പരിഹരിക്കുന്നതിനും രോഗം പകരുന്നത് തടയാനും ഈ പുതിയ പരിശോധന കിറ്റ് ഏറെ ഉപയോഗപ്രദമാണെന്ന് സ്റ്റീഫന്‍ പറഞ്ഞു.

മൂക്കില്‍ നിന്ന് സ്വന്തമായി സ്രവം എടുത്ത് ഇതില്‍ പരിശോധിക്കാം. ഒരു തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഈ പരിശോധനാ കിറ്റിന് അത്യാവശ്യ ഘട്ടത്തില്‍ മാത്രം ഉപയോഗിക്കാനുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്. 14 വയസിന് മുകളില്‍ പ്രായമുള്ളവരിലാണ് പരിശോധന നടത്താന്‍ സാധിക്കുക. അതേസമയം ഇതിന്റെ റിപ്പോര്‍ട്ട് കൃത്യമല്ലെന്നും കോവിഡ് പോസീറ്റീവായ പലര്‍ക്കും അതറിയാതെ പോവാന്‍ സാധ്യതയുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: