വീട്ടില്‍ ക്വാറന്റീനിലിരിക്കുന്ന രോഗികളും മുന്‍കരുതലിന്റെ ഭാഗമായി ക്വാറന്റീനില്‍ ഇരിക്കുന്നവരും കോവിഡ് ലക്ഷണങ്ങളെ സംബന്ധിച്ച് സ്വയം നിരീക്ഷണം നടത്തേണ്ടത് അത്യാവശ്യമാണ്. രോഗത്തിന്റെ ഓരോ ഘട്ടത്തിലും വരുന്ന ലക്ഷണങ്ങളെ സംബന്ധിച്ചും കരുതിയിരിക്കണം. പനി, വരണ്ട ചുമ, പേശീ വേദന, തൊണ്ട വേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, നെഞ്ച് വേദന, ശ്വാസം മുട്ടല്‍, ക്ഷീണം എന്നിങ്ങനെ സാധാരണ പനിയുടെ ലക്ഷണങ്ങളാണ് പലപ്പോഴും കോവിഡ് രോഗിയും പ്രകടിപ്പിക്കുക.
ചൈനയിലെ വുഹാന്‍ സര്‍വകലാശാലയിലെ സോങ്‌നന്‍ ആശുപത്രിയിലെ ഗവേഷകര്‍ നടത്തിയ പഠനം അനുസരിച്ച് കോവിഡ് ബാധിക്കപ്പെട്ട 140 രോഗികളും ഏതാണ്ട് സമാനമായ രീതിയിലാണ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. 99 ശതമാനം രോഗികള്‍ക്കും ഉയര്‍ന്ന താപനില ഉണ്ടായതായി ഗവേഷണം പറയുന്നു. പകുതിയിലേറെ പേര്‍ക്ക് ക്ഷീണവും വരണ്ട ചുമയും പ്രകടമായി. മൂന്നിലൊന്ന് പേര്‍ക്ക് പേശീ വേദനയും ശ്വാസം മുട്ടലും അനുഭവപ്പെട്ടു.
ഗവേഷകരുടെ നിഗമനമനുസരിച്ച് ഇതാണ് കോവിഡ് രോഗലക്ഷണങ്ങള്‍ പുരോഗമിക്കുന്നതിന്റെ ഒരു ക്രമം
ഒന്നാം ദിവസം: ആദ്യ ലക്ഷണം പലപ്പോഴും പനി ആയിരിക്കും. ചിലര്‍ക്ക് ക്ഷീണവും പേശീ വേദനയും വരണ്ട ചുമയും ഉണ്ടാകും. ചുരുക്കം ചിലരിലേ അതിസാരം, മനംമറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഈ ഘട്ടത്തില്‍ ഉണ്ടാകൂ.
അഞ്ചാം ദിവസം: രോഗികള്‍ക്ക് നെഞ്ചുവേദനയും ശ്വാസം മുട്ടലും ഉണ്ടാകാം. പ്രത്യേകിച്ച് പ്രായമായവരിലും മറ്റ് രോഗങ്ങള്‍ ഉള്ളവരിലും.
ഏഴാം ദിവസം: വുഹാന്‍ സര്‍വകലാശാലയുടെ പഠനം അനുസരിച്ച് ഏഴാം ദിനമാണ് നിര്‍ണായകം. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഏഴാം ദിവസത്തിലെ രോഗലക്ഷണങ്ങള്‍ അനുസരിച്ചാണ്.
എട്ടാം ദിവസം: തീവ്ര രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ശ്വാസകോശത്തില്‍ വെള്ളം കയറി അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം ഉണ്ടാകുന്നത് ഈ ഘട്ടത്തിലാണ്.
പത്താം ദിവസം: രോഗലക്ഷണങ്ങള്‍ വഷളായി തുടര്‍ന്നാല്‍ പത്താം ദിവസമാകുമ്പോഴേക്കും രോഗി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടാം. തീവ്രത കുറഞ്ഞ ലക്ഷണങ്ങളുള്ളവര്‍ക്ക് വയര്‍ വേദനയും വിശപ്പില്ലായ്മയുമൊക്കെ ഈ ഘട്ടത്തില്‍ തോന്നാം.
പതിനേഴാം ദിവസം: രോഗികള്‍ മിക്കവാറും രോഗമുക്തി നേടുന്നത് ഈ ദിവസമായിരിക്കാം. തീവ്രത കുറഞ്ഞ ലക്ഷണങ്ങളോടു കൂടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ ഈ ദിവസമാകുമ്പോഴേക്കും ഡിസ്ചാര്‍ജ് ചെയ്യപ്പെടാം.
ലക്ഷണങ്ങളുടെ ഈ ക്രമം അറിഞ്ഞിരിക്കുന്നത് സ്വയം നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ ആശുപത്രിയിലെ ചികിത്സ തേടാനുമൊക്കെ കോവിഡ് രോഗിയെ സഹായിക്കും. കോവിഡ് എന്ന് രോഗത്തെ ഭയപ്പെടാതിരിക്കുന്നത് പോലെ അസുഖം കൂടുതല്‍ സങ്കീര്‍ണമാകുകയാണെങ്കില്‍ വിദഗ്ധ ചികിത്സയ്്ക്ക് പോകേണ്ടതിന്റെ പ്രാധാന്യവും മനസ്സിലാക്കണം.