റിയാദ്: ജനിതക മാറ്റം സംഭവിച്ച സാര്‍സ് കോവ്-2 കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ലോകരാഷ്ട്രങ്ങള്‍ ആശങ്കയില്‍. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അറബ് രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തികള്‍ അടച്ചു തുടങ്ങി. സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് രാഷ്ട്രങ്ങളാണ് അതിര്‍ത്തി അടയ്ക്കാന്‍ തീരുമാനിച്ചത്.
ജനിതക മാറ്റം വന്ന കോവിഡ് വൈറസ് ബ്രിട്ടനിലാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡിസംബര്‍ ആദ്യ വാരത്തില്‍ ലണ്ടനില്‍ റിപ്പോര്‍ട്ട് ചെയ്ത 62 ശതമാനം വൈറസ് ബാധയും ജനിതക മാറ്റം സംഭവിച്ചതാണ് എന്ന് ആരോഗ്യവിദഗദ്ധര്‍ പറയുന്നു. ഓസ്‌ട്രേലിയ, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം, ഐസ്‌ലാന്‍ഡ് സര്‍ക്കാറുകള്‍ ഈ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി സൗദി
കര, വ്യോമ, നാവിക പാതകള്‍ വഴിയുള്ള എല്ലാ പ്രവേശവും സൗദി ഒരാഴ്ചത്തേക്ക് വിലക്കി. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. യൂറോപ്പില്‍ നിന്നും ഡിസംബര്‍ എട്ടിന് ശേഷം എത്തിയവര്‍ രണ്ടാഴ്ച നിര്‍ബന്ധിത ക്വാറന്റൈനില്‍ തുടരണമെന്നും സൗദി ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഐസൊലേഷനില്‍ ഇരിക്കെ ഓരോ അഞ്ചു ദിവസവും കോവിഡ് പരിശോധനയും നടത്തണം.
അതിര്‍ത്തികള്‍ അടച്ച് ഒമാനും കുവൈത്തും
ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നു മുതല്‍ ഒമാന്‍ എല്ലാ രാജ്യാന്തര അതിര്‍ത്തികളും അടച്ചു. ഒരാഴ്ചത്തേക്കാണ് അടച്ചത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഒമാന്‍ അതിര്‍ത്തികള്‍ അടച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ആവശ്യമെങ്കില്‍ വീണ്ടും വിലക്ക് തുടരും.
തിങ്കളാഴ്ച രാത്രി പതിനൊന്നു മുതല്‍ ജനുവരി ഒന്നുവരെയാണ് കുവൈത്ത് അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടച്ചത്. നേരത്തെ, യുകെയില്‍ നിന്നുള്ള യാത്രകള്‍ക്ക് കുവൈത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നു.