പട്‌ന: ഭര്‍ത്താവിന് ചികിത്സ തേടിയെത്തിയ യുവതിക്ക് നേരെ സ്വകാര്യ ആശുപത്രിയില്‍ ലൈംഗീകതിക്രമം. ബിഹാറിലെ ഭഗല്‍പുരിലെ ഗ്ലോക്കല്‍ ആശുപത്രിയിലെ ജീവനക്കാരനെതിരെയാണ് പരാതി. ജീവനക്കാരന്‍ ദുരുദ്ദേശത്തോടെ സമീപിച്ചെന്നും ഡോക്ടര്‍മാര്‍ ഭര്‍ത്താവിനെ അവഗണിച്ചെന്നും ഇവര്‍ ആരോപിച്ചു. മായാഗഞ്ച്, പട്‌ന ആശുപത്രികളിലെ രണ്ടു ഡോക്ടര്‍മാര്‍ക്കെതിരെയും രോഗിയെ അവഗണിച്ചെന്ന ആരോപണം ഇവര്‍ ഉന്നയിച്ചിട്ടുണ്ട്. ഭര്‍ത്താവ് പിന്നീടു മരിച്ചു. 12 മിനിറ്റുള്ള വിഡിയോയിലാണ് മൂന്ന് ആശുപത്രികളിലെയും ഡോക്ടര്‍മാരും ജീവനക്കാരും ഭര്‍ത്താവിന്റെ ചികിത്സ അവഗണിച്ചെന്നും ആശുപത്രിക്കിടക്കയിലെ വൃത്തിഹീനമായ ഷീറ്റുകള്‍പോലും മാറ്റാത്ത വിവരവും പുറത്തുവിടുന്നത്. ഭഗല്‍പുര്‍ ആശുപത്രിയിലെ ജീവനക്കാരിലൊരാള്‍ കോവിഡിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വിലകൂടിയ റെംഡിസിവര്‍ മരുന്നിന്റെ കുപ്പിയിലെ പകുതിയോളം കളഞ്ഞെന്നും ഇവര്‍ ആരോപിച്ചു.
‘ഏപ്രില്‍ 9ന് ഭര്‍ത്താവിന് കടുത്ത പനി അനുഭവപ്പെട്ടു രണ്ടു തവണ കോവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് എന്നായിരുന്നു ഫലം. ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി കാത്തുനില്‍ക്കവെയാണ് ഡോക്ടറുടെ നിര്‍ദേശാനുസരണം നെഞ്ചിന്റെ സിടി സ്‌കാന്‍ എടുത്തത്. ശ്വാസകോശത്തില്‍ 60 ശതമാനത്തോളം അണുബാധ കണ്ടെത്തി. ഇതിനുപിന്നാലെ ഭര്‍ത്താവിനെയും തന്റെ അമ്മയെയും ഭഗല്‍പുരിലെ ഗ്ലോക്കല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. രണ്ടുപേരെയും പിന്നീട് ഐസിയുവിലേക്കു മാറ്റി. ചികിത്സയ്ക്കിടെ അമ്മയുടെ നില മെച്ചപ്പെട്ടു. എന്നാല്‍ ഭര്‍ത്താവിന്റെ നില മോശമായി.
സംസാരിക്കാന്‍പോലും കഴിയാതായി. വെള്ളം ചോദിച്ചിട്ടും ആരും കൊടുത്തില്ല. ജ്യോതികുമാര്‍ എന്ന അറ്റന്‍ഡറോട് ഭര്‍ത്താവിന്റെ കാര്യത്തില്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവിനോട് സംസാരിച്ചുകൊണ്ടുനില്‍ക്കെ അയാള്‍ പിന്നില്‍നിന്ന് എന്റെ ദുപ്പട്ട വലിച്ചുമാറ്റി. ഞെട്ടിത്തരിച്ചു ഞാന്‍ നോക്കിയപ്പോള്‍ അയാള്‍ എന്റെ അരക്കെട്ടില്‍ കൈവച്ചുകൊണ്ട് ചിരിച്ചുനില്‍ക്കുകയായിരുന്നു. ഉടന്‍തന്നെ ദുപ്പട്ട പിടിച്ചുവാങ്ങി. പരിഭ്രമവും ഭയവും കാരണം ഒന്നും പറയാനായില്ല’ അവര്‍ കൂട്ടിച്ചേര്‍ത്തു.