ന്യൂഡല്‍ഹി: കേരളത്തിലടക്കം രാജ്യത്ത് മഞ്ഞുകാലം വരാനിരിക്കെ ശൈത്യകാലത്ത് കോവിഡ് രണ്ടാംഘട്ട വ്യാപനം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. കേരളമുള്‍പ്പെടെയുള്ള 5 സംസ്ഥാനങ്ങളിലൊഴികെ രാജ്യത്ത് എല്ലായിടത്തും 3 ആഴ്ചയായി കോവിഡ് വ്യാപനം കുറയുകയാണ്. എന്നാല്‍, ശൈത്യ മാസങ്ങളില്‍ രണ്ടാം വ്യാപനം ഉണ്ടായേക്കാന്നാണ് വിലയിരുത്തല്‍. യൂറോപ്യന്‍ രാജ്യങ്ങളില്‍ അടക്കം പലയിടത്തും ഇങ്ങനെ സംഭവിച്ചതായി ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്.
ശൈത്യകാലത്ത് കോവിഡിന്റെ രണ്ടാം വ്യാപനം തള്ളിക്കളയാനാവില്ലെന്ന് നിതി ആയോഗ് അംഗവും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വിദഗ്ധ സമിതിയുടെ മേധാവിയുമായ വി.കെ. പോള്‍ പറഞ്ഞു. ഉത്തരേന്ത്യയില്‍ ശൈത്യകാലവും ഉത്സവ സീസണും ആരംഭിക്കാനിരിക്കെ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. കോവിഡ് നിയന്ത്രണത്തില്‍ രാജ്യം കൈവരിച്ച പുരോഗതി ഒരുപക്ഷേ, വരും മാസങ്ങളില്‍ നഷ്ടമായേക്കാം. കോവിഡ് വാക്‌സീന്‍ ലഭ്യമായാല്‍ അത് രാജ്യത്ത് എല്ലാവര്‍ക്കും എത്തിക്കാനുള്ള സൗകര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തണുപ്പ് കൂടിയ മേഖലയില്‍ സജീവമായ കൊറോണ വൈറസിന്റെ സാന്നിധ്യം നേരത്തെതന്നെ കണ്ടെത്തിയിരുന്നു. ശീതികരിച്ച ഭക്ഷണ പാക്കറ്റിനു മുകളില്‍വരെ സജീവ കൊറോണവൈറസിനെ കണ്ടെത്തിയെന്ന് ചൈനീസ് ആരോഗ്യവകുപ്പും അറിയിച്ചിരുന്നു. തുറമുഖ മേഖലയായ ക്വിങ്‌ഡോയില്‍ ഇറക്കുമതി ചെയ്ത ശീതീകരിച്ച കടല്‍മത്സ്യത്തിന്റെ പാക്കറ്റിനു മുകളിലാണ് സജീവമായ കൊറോണ വൈറസിന്റെ സാന്നിധ്യം ഗവേഷകര്‍ തിരിച്ചറിഞ്ഞത്. ചൈനയില്‍ അടുത്തിടെ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അണുബാധകളുടെ ഉറവിടം കണ്ടെത്താനായി നടത്തിയ പരിശോധനയിലാണ് പാക്കേജിനു മുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
അതേസമയം, ദിനപത്രത്തിലൂടെ കോവിഡ് പടരില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍ ആവര്‍ത്തിച്ചു. ‘വായുവിലൂടെയാണു വൈറസ് പടരുന്നത്. പത്രം വീട്ടില്‍ വരുത്തുന്നതിനെ ആരും ഭയക്കേണ്ടതില്ല.’ സമൂഹമാധ്യമത്തിലൂടെ നടത്തിയ ആശയവിനിമയത്തിനിടെ സംശയങ്ങള്‍ക്കു മറുപടിയായി മന്ത്രി പറഞ്ഞു.