ഡല്‍ഹി: രാജ്യത്ത് ഫെബ്രുവരി മുതല്‍ പ്രതിദിനം കോവിഡ് കേസുകള്‍ ഉയരുകയാണ്. ഇത് രണ്ടാം കോവിഡ് തരംഗം വ്യക്തമാക്കുന്നതാണെന്ന് എസ്ബിഐ പഠനറിപ്പോര്‍ട്ട്. രണ്ടാം തരംഗം നൂറ് ദിവസം വരെ നീണ്ടുനില്‍ക്കുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡിന്റെ രണ്ടാം തരംഗം തടയണമെങ്കില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് ഫലപ്രദമല്ലെന്നും കോവിഡ് വാക്സിന്‍ അതിവേഗം എല്ലാവര്‍ക്കും നല്‍കുകയുമാണ് വേണ്ടതെന്നും ഏപ്രില്‍ രണ്ടാമത്തെ ആഴ്ചയോടെ രാജ്യത്തെ കോവിഡ് കേസുകള്‍ ഏറ്റവും ഉയര്‍ന്നനിലയില്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് രണ്ടാം തരംഗം തീവ്രമാണെങ്കിലും കോവിഡ് വാക്സിനുകള്‍ നല്‍കുന്നതോടെ സ്ഥിതിഗതികള്‍ നന്നായി കൈകാര്യം ചെയ്യാന്‍ രാജ്യത്തിന് കഴിയുമെന്നും 28 പേജുള്ള റി്പ്പോര്‍ട്ട് പറയുന്നു. ലോക്ക്ഡൗണ്‍ ഫലപ്രദമല്ലാത്തതിനാല്‍ വാക്സിനേഷന്‍ മാത്രമാണ് പ്രതീക്ഷയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെ മാത്രം 251 പേരാണ് കോവിഡിനെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,60,692 ആയി ഉയര്‍ന്നു. നിലവില്‍ 3,95,192 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ മാത്രം 26,490 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തരുടെ ആകെ എണ്ണം 1,12,31,650 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ 5,31,45,709 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.