കോവിഡ് രോഗമുക്തരായവര്‍ക്ക് രണ്ടാമതും കോവിഡ് ബാധിച്ചാല്‍ ലക്ഷണങ്ങള്‍ തീവ്രമായിരിക്കുമെന്ന് പഠനങ്ങള്‍.
അമേരിക്കയില്‍ രണ്ടാമത്തെ തവണ കോവിഡ് ബാധിച്ച വ്യക്തിയെ ആധാരമാക്കി നെവാദ സ്‌റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയാണ് പഠനം നടത്തിയത്. നെവാദയിലുള്ള 25 കാരന് 48 ദിവസത്തിനിടെ രണ്ട് തവണയാണ് രണ്ട് സാര്‍സ് കോവി2 വകഭേദങ്ങള്‍ മൂലമുള്ള കോവിഡ് ബാധയുണ്ടായത്. രണ്ടാമത്തെ രോഗബാധ ആദ്യത്തെ തവണയേക്കാല്‍ ഗുരുതരമായിരുന്നു. ഇത് മൂലം രണ്ടാം തവണ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഓക്‌സിജന്‍ പിന്തുണ നല്‍കേണ്ടി വന്നു.
കോവിഡ് വന്നു പോയല്ലോ എന്നു കരുതി മുന്‍കരുതലുകള്‍ സ്വീകരിക്കാതെ കറങ്ങി നടക്കുന്നത് ഗുരുതരമായ പ്രശ്‌നങ്ങള്‍ വരുത്താമെന്ന് ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം മുന്നറിയിപ്പ് നല്‍കുന്നു.
കോവിഡ് വന്നു പോയവരില്‍ എത്രകാലം പ്രതിരോധ ശേഷി നിലനില്‍ക്കുമെന്നതിനെ സംബന്ധിച്ച് കൂടുതല്‍ ഗവേഷണം ആവശ്യമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ മാര്‍ക്ക് പന്‍ഡോരി പറയുന്നു.
വാക്‌സീനുകളും പ്രവര്‍ത്തിക്കുന്നത് വൈറസിനെതിരെ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ഉണര്‍ത്തിക്കൊണ്ടാണ്. എന്നാല്‍ ഇത്തരത്തില്‍ ശരീരം വൈറസിനെതിരെ നിര്‍മ്മിക്കുന്ന ആന്റിബോഡികള്‍ എത്രകാലം നിലനില്‍ക്കും എന്നതാണ് ചോദ്യം. പല രോഗങ്ങള്‍ക്കെതിരെയുള്ള വാക്‌സീനുകള്‍ ജീവിതകാലം മുഴുവന്‍ രോഗപ്രതിരോധം നല്‍കുന്നതാണ്. എന്നാല്‍ കോവിഡിന്റെ കാര്യത്തില്‍ ഇത്തരം ഉറപ്പുകളൊന്നുമില്ല.