X

“ഒരു പരിശോധനയും ഉണ്ടാവില്ല”; ജൂനിയര്‍ ഡോക്ടറുമാരോടും ‘കടക്ക് പുറത്ത്’ പറഞ്ഞ് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിക്കായി നിയമിക്കപ്പെട്ടിട്ടും ശമ്പളവും തസ്തികയും പ്രഖ്യാപിക്കാത്തതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ജൂനിയര്‍ ഡോക്ടര്‍മാരോട് രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് സാലറി ചലഞ്ചിന്റെ പേരില്‍ ശമ്പളം പിടിക്കുന്നതിനെതിരെ താല്‍കാലിക ജൂനിയര്‍ ഡോക്ടര്‍മാര്‍ കൂട്ടമായി രാജിവെച്ച് പ്രതിഷേധിച്ച സംഭവത്തോടാണ് പതിവ് വാര്‍ത്താസമ്മേളനത്തിലെ ചോദ്യത്തോട് മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്.

കോവിഡ് രോഗികളുടെ എണ്ണം വരും ദിവസങ്ങളില്‍ കൂടുമെന്ന സാഹചര്യം നിലനില്‍ക്കെ 868 ജൂനിയര്‍ ഡോക്ടേര്‍സ് രാജി നല്‍കിയിട്ടുണ്ടെന്ന കാര്യം ചൂണ്ടിക്കാണിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ഇടപെടല്‍. ശമ്പളം കട്ടുചെയ്‌തെന്ന് കാണിച്ചാണ് അവരുടെ രാജിയും പ്രതിഷേധവുമെന്നും മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടികാണിച്ചു. എന്നാല്‍, അതവരുടെ താല്‍പര്യത്തിന് അനുസരിച്ച് ചെയ്യുന്നതാണെന്നും സര്‍ക്കാറിന് അതില്‍ ഒന്നും ചെയ്യാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശമ്പള വിഷയത്തില്‍ പുനപരിശോധന ഉണ്ടാകുമോ എന്ന തുടര്‍ചോദ്യത്തോട് മുഖ്യമന്ത്രി രൂക്ഷമായാണ് പ്രതികരിച്ചത്. ഒരു പരിശോധനയും ഉണ്ടാകില്ല’ മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് ജൂനിയര്‍ നേഴ്‌സുമാരും സമരത്തിലാണെന്നും മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. അത് ആരോഗ്യ വകുപ്പ് പരിശോധിക്കുമെന്നായിരുന്നു, മുഖ്യമന്ത്രിയുടെ മറുപടി.

കോവിഡ് ബാധിതരെ ചികിത്സിക്കാനുള്ള സിഎഫ്എല്‍ടിസികളില്‍ നിയമിക്കപ്പെട്ട ജൂനിയര്‍ ഡോക്ടര്‍മാരില്‍ 868 പേര്‍ 10നു രാജിവയ്ക്കുമെന്ന് സര്‍ക്കാരിനെ അറിയിച്ചു. സാലറി ചലഞ്ചിന്റെ ഭാഗമായി ശമ്പളത്തില്‍ നിന്ന് 20% തുക പിടിച്ചതില്‍ പ്രതിഷേധിച്ചാണു രാജി. കോവിഡ് ഡ്യൂട്ടിക്കായി നിയമിക്കപ്പെട്ട ഇവരുടെ ശമ്പളവും തസ്തികയും പ്രഖ്യാപിക്കാത്തതിനെതിരെ നേരത്തെ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിഎഫ്എല്‍ടിസിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ 3 മാസത്തെ ജോലിക്കു ചേര്‍ന്ന ഡോക്ടര്‍മാര്‍ക്കു 42,000 രൂപയാണു ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍, കൃത്യസമയത്തു ശമ്പളം നല്‍കിയില്ല.

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ശമ്പളം നല്‍കിയെങ്കിലും 8200 രൂപ സാലറി ചാലഞ്ചിന്റെ ഭാഗമായി പിടിച്ചു. നികുതി ഉള്‍പ്പെടെ കിഴിവു ചെയ്ത് 27,000 രൂപ മാത്രമാണു ശമ്പളമായി ലഭിച്ചതെന്നാണു ഡോക്ടര്‍മാരുടെ പരാതി. അതേസമയം, നാഷനല്‍ ഹെല്‍ത്ത് മിഷന്‍ നിയമിച്ച ഡോക്ടര്‍മാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കുന്നുണ്ട്. ഇതില്‍ പ്രതിഷേധിച്ചാണു കേരള ജൂനിയര്‍ ഡോക്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനു രാജിക്കത്ത് നല്‍കിയത്.

കഴിഞ്ഞ ജൂണ്‍മാസം മുതല്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കോവിഡ് ആശുപത്രികളിലും ഇവര്‍ ഡ്യൂട്ടിയിലായിരുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിമാസ ശമ്പളത്തില്‍ നിന്ന് 6 ദിവസത്തെ വേതനം വെട്ടികുറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. കോടതിയെ സമീപച്ചതിന് പിന്നാലെ ഇവരുടെ ശമ്പളും തസ്തികയും പോലും നിശ്ചയിക്കപ്പെട്ടത് കഴിഞ്ഞ ആഴ്ചയിലാണ്,
വൈകി വിതരണം തുടങ്ങിയ ശമ്പളത്തില്‍ നിന്ന് സാലറിചാലഞ്ചിന്റെ വിഹിതം പിടിച്ചുവെച്ചാല്‍ പ്രതിമാസം 27000 രൂപയായിരിക്കും ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പളം. തുല്യജോലി ചെയ്യുന്ന എന്‍എച്ച്എം ഡോക്ടര്‍മാര്‍ക്ക് കിട്ടുന്ന ശമ്പളം പോലും ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കില്ലെന്നിരിക്കെ അതില്‍ നിന്നും വിഹിതം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറമെന്നാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെടുന്നത്. സാലറി ചാലഞ്ചിന്റെ വിഹിതം പിടിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമുളളതിനാല്‍ പ്രഖ്യാപിച്ച ശമ്പളം പോലും പലര്‍ക്കും കിട്ടിയിട്ടില്ലാത്ത അവസ്ഥയുമുണ്ട്. അടുത്തമാസം പത്തിനകം വിടുതല്‍ തരണമെന്നാവശ്യപ്പെട്ടാണ് ജൂനിര്‍ഡോക്ടര്‍മാര്‍ രാജിപ്രഖ്യാപിച്ചിരിക്കുന്നത്

അതേസമയം, വ്യാജ ഒപ്പ് വിവാദത്തിലും വ്യക്തമായി മറുപടി നല്‍കാതെ പിണറായി വിജയന്‍ ഒഴിഞ്ഞുമാറി. മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയിലായിരിക്കെ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ടുവെന്ന ആരോപണത്തോട് ഒപ്പെല്ലാം താന്‍ തന്നെയാണ് ഇട്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സന്ദീപ് നായരുടെ ആരോപണത്തില്‍ കഴമ്പില്ല. എല്ലാ ഫയലും താന്‍ നോക്കാറുണ്ടെന്നും അന്ന് വന്ന 39 ഫയലുകളിലും താന്‍ തന്നെയാണ് ഒപ്പിട്ടതെന്നും പതിവ് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഒപ്പ് എന്റേതാണ്. അന്ന് മലയാള ഭാഷാ ദിനാചരണത്തിന്റെ ഫയല്‍ മാത്രമല്ല ഒപ്പിട്ടത്. 2018 സെപ്തംബര്‍ ആറിന് 39 ഫയലുകള്‍ ഒപ്പിട്ടിട്ടുണ്ട്. എന്റെ കയ്യിലും യാത്രയുടെ ഘട്ടത്തില്‍ ഐ പാഡ് ഉണ്ടാകാറുണ്ട്’. എന്നാല്‍ താന്‍ നേരിട്ടല്ല ഒപ്പിടുന്നതെന്നും ഡിജിറ്റല്‍ ഒപ്പാണ് ഇട്ടതെന്നും പിണറായി പറഞ്ഞു.

ഒപ്പിട്ടത് സെപ്തംബര്‍ ആറിന് അല്ലല്ലോ എന്ന് മാധ്യമ പ്രവര്‍ത്തകന്‍ ചൂണ്ടികാണിച്ചപ്പോള്‍ മുഖ്യമന്ത്രി മാറ്റിപ്പറയുകയാണുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരത്തെ ഒപ്പു ചെയ്തുവക്കുന്ന രീതിയുണ്ടോ എന്ന ചോദ്യത്തോടും മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകവെ വിമര്‍ശിച്ച മുഖ്യമന്ത്രി ഇത് കുബുദ്ധിയില്‍ നിന്നുള്ള ചോദ്യമാണെന്നും പരിഹസിച്ചു.

ഒപ്പ് വ്യാജമെങ്കില്‍ അത് ഗുരുതരമാണെന്ന മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തോടും മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. മറിച്ച് പതിവ് രീതിയില്‍ ബിജെപിയെ ചാരി രക്ഷപ്പെടാനാണ് പിണറായി ശ്രമിച്ചത്.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും വ്യാജ ഒപ്പിട്ടെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ഒപ്പ് വ്യാജമെങ്കില്‍ അത് ഗുരുതരമായ കാര്യമാണെന്നുമായിരുന്നു, മാധ്യമപ്രവര്‍ത്തകനോടുള്ള ചോദ്യത്തിന് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമാണെങ്കില്‍ ഇനി അതില്‍ കൂടുതലൊന്നും സംഭവിക്കാനില്ലെന്നും, മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദത്തോട് കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

സെപ്തംബര്‍ മൂന്നാം തീയ്യതി മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെ് മലയാള ഭാഷയുമായി ബന്ധപ്പെട്ട് വന്ന ഫയലില്‍ സെപ്തംബര്‍ ഒമ്പതാം തീയ്യതി അമേരിക്കയിലുള്ള മുഖ്യമന്ത്രി ഒപ്പുവെച്ചു. ഈ ഫയലില്‍ ഒപ്പ് വെച്ചത് ശിവശങ്കറാണോ സ്വപ്ന സുരേഷാണോ. മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിടാന്‍ ഓഫീസില്‍ ആളുകളുണ്ടോ?” എന്നായിരുന്നു സന്ദീപ് വാര്യര്‍ ചോദിച്ചത്. എന്നാല്‍, ഫയല്‍ ബിജെപി നേതാക്കള്‍ക്ക് എങ്ങനെ കിട്ടിയെന്ന് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

chandrika: