X

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സാധ്യത

തിരുവനന്തപുരം: കോവിഡ് വ്യാപനം ഉയര്‍ന്നു നില്‍ക്കുന്ന ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യത. കഴിഞ്ഞ 15 ദിവസത്തെ കണക്കുകള്‍ പ്രകാരം അഞ്ച് ജില്ലകളിലാണ് ഗുരുതര സ്ഥിതി തുടരുന്നത്. മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലാണ് ആശങ്ക നിലനില്‍ക്കുന്നത്. ഇവിടെ ആയിരത്തിന് മുകളിലാണ് ഇപ്പോഴും രോഗികളുടെ എണ്ണം. ഈ ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന. തിങ്കളാഴ്ച ഇതു സംബന്ധിച്ച യോഗം ചേരാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു.

സമ്പൂര്‍ണ അടച്ചിടല്‍ പ്രായോഗികമല്ലെന്ന വിലയിരുത്തലില്‍ മറ്റുതരത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും ആലോചനയുണ്ട്. വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കും. ഒരേസമയം കടകളില്‍ പ്രവേശിക്കുന്നവരുടെ എണ്ണം ക്രമീകരിക്കും. കടകളില്‍ പോകുന്നവര്‍ക്കും കടയിലുള്ളവര്‍ക്കും യാത്ര ചെയ്യുന്നവര്‍ക്കും ഡബ്ള്‍ മാസ്‌ക്കോ, എന്‍ 95 മാസ്‌ക്കോ നിര്‍ബന്ധമാക്കും. പൊതുയിടങ്ങളിലും മറ്റ് വിനോദ കേന്ദ്രങ്ങളിലും തിരക്ക് നിയന്ത്രിക്കും. ആഘോഷങ്ങളിലും മറ്റു ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം കൃത്യമായി നിരീക്ഷിക്കും.

രോഗബാധിതരുടെ എണ്ണം ഉയര്‍ന്നുനില്‍ക്കുന്ന ജില്ലകളില്‍ ഐ.സി.യു കിടക്കകളില്‍ കൂടുതല്‍ രോഗികളുണ്ടെന്നത് ആശങ്ക കൂട്ടുകയാണ്. അഞ്ച് ശതമാനത്തിലേക്കെങ്കിലും രോഗസ്ഥിരീകരണ നിരക്ക് കുറക്കണമെന്ന് ലക്ഷ്യമിട്ടിരുന്നിടത്ത് ഞായറാഴ്ച 16.41ആണ് ടി.പി.ആര്‍. പ്രതിദിനം ശരാശരി 100 പേര്‍വീതം കോവിഡ് ബാധിച്ചു മരിക്കുന്നുമുണ്ട്.

Test User: